ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത എൻഡിഎ സർക്കാർ രൂപീകരണത്തിന് ഈ രണ്ട് നേതാക്കളുടെ പിന്തുണ പ്രധാനമാണ്.
മുംബൈ: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്‍റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശിവ സേന ഉദ്ദവ് താക്കറെ പക്ഷം. ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. ഒരു 'സ്വേച്ഛാധിപതി'യോട് കൈകോർക്കണോയെന്ന് ചിന്തിക്കമെന്നും ഉദ്ദവ് താക്കറെ പക്ഷം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത എൻഡിഎ സർക്കാർ രൂപീകരണത്തിന് ഈ രണ്ട് നേതാക്കളുടെ പിന്തുണ പ്രധാനമാണ്.
''ബിജെപി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ചന്ദ്രബാബു നായിഡു ഓർക്കണം. നിതീഷ് കുമാറും പഴയ കാര്യങ്ങള്‍ മറക്കരുത്. അമരാവതി തലസ്ഥാനമായി വികസിപ്പിക്കാൻ ആഗ്രഹിച്ച ചന്ദ്രബാബു നായിഡുവിന് ബിജെപി ഒരു പൈസ പോലും നൽകിയില്ല. ഞങ്ങൾ പ്രതീക്ഷയിലാണ്. സർക്കാർ രൂപീകരിക്കാൻ എല്ലാവരും ശ്രമിക്കണം. എന്താണ് തെറ്റ്? അവർ ബിജെപി ഒറ്റയ്ക്ക് 400 സീറ്റ് നേടുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അവർ പറയുന്നത് എൻഡിഎയെക്കുറിച്ചാണ്. അവരുടെ ഭാഷ മാറി. ആവശ്യമെങ്കിൽ ഉദ്ദവ് താക്കറെയും ദില്ലിയില്‍ എത്തും'' - ശിവ സേന ഉദ്ദവ് താക്കറെ പക്ഷംനേതാവ് അരവിന്ദ് സാവന്ത് പറഞ്ഞു.
അതേസമയം, ഉദ്ദവ് താക്കറെ ഇന്ത്യ സഖ്യ യോഗത്തിനെത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ. ശിവസേന നേതാവ് സുഷമ ആന്ധരെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ദില്ലിയിലേക്ക് എത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.
ഒരാള്‍ എൻഡിഎ യോഗത്തിൽ പങ്കെടുക്കാനാണെങ്കിൽ മറ്റേയാൾ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാൽ നിതീഷിനെ മറുകണ്ടം ചാടിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിൽ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നൽകിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൗതുകമായി മാറിയിട്ടുണ്ട്.
രണ്ടില കൊഴിഞ്ഞപ്പോൾ ചിരിക്കുന്നത് കോട്ടയത്തെ കോണ്‍ഗ്രസ്, മധുര പ്രതികാരം; ജോസിന് മുന്നിൽ ഇനിയെന്ത്?
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം