കൊവാക്‌സിനില്‍ പശുക്കിടാവിന്‍റെ സിറം അടങ്ങിയിരിക്കുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം.
ദില്ലി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീനായ കൊവാക്‌സിനെതിരായ പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. കൊവാക്‌സിനില്‍ പശുക്കിടാവിന്‍റെ സിറം അടങ്ങിയിരിക്കുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം.
വസ്‌തുത വിശദമാക്കി കേന്ദ്രം
'പശുക്കിടാവിന്‍റെ സിറം വെറോ സെല്ലുകള്‍ തയ്യാറാക്കുന്നതിനും വളര്‍ച്ചയ്‌ക്കും മാത്രമാണ് ഉപയോഗിക്കുന്നത്. വിവിധ മൃഗങ്ങളുടെ സിറം വെറോ സെല്ലുകള്‍ വികസിപ്പിക്കുന്നതിനുള്ള ഘടകമായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നുണ്ട്. വാക്സീനുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന സെൽ ലൈഫ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന മാധ്യമമാണ് വെറോ സെല്ലുകള്‍. പോളിയോ, പേവിഷബാധ, പകര്‍ച്ചപ്പനി വാക്‌സീനുകളില്‍ ഈ സാങ്കേതിക വിദ്യ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു.
വളര്‍ച്ചയെത്തിയ വെറോ സെല്ലുകള്‍ വെള്ളവും രാസപദാര്‍ഥങ്ങളും ഉപയോഗിച്ച് പലവട്ടം കഴുകി പശുക്കിടാക്കളുടെ സിറത്തില്‍ നിന്ന് മുക്തമാക്കുന്നു. ഇതിന് ശേഷം വൈറല്‍ വളര്‍ച്ചക്കായി കൊറോണ വൈറസുമായി കലര്‍ത്തുന്നു.
വൈറൽ വളർച്ചയുടെ പ്രക്രിയയിൽ വെറോ സെല്ലുകൾ പൂർണ്ണമായും നശിപ്പിക്കുന്നു. അതിനുശേഷം വളര്‍ച്ചയെത്തിയ വൈറസിനെയും നശിപ്പിക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്യും. ഇങ്ങനെ നിര്‍ജ്ജീവമായ വൈറസ് അന്തിമ വാക്സീൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നു, ഈ വാക്‌സീനില്‍ പശുക്കിടാവിന്‍റെ സിറം അടങ്ങിയിട്ടുണ്ടാവില്ല. അതായത്, വാക്‌സീന്‍റെ അവസാന കൂട്ടില്‍(കൊവാക്‌സിന്‍) പശുക്കിടാക്കളുടെ സിറം ഒരു ഘടകമല്ല'.
നിഗമനം
കൊവാക്‌സിനില്‍ പശുക്കിടാവിന്‍റെ സിറം അടങ്ങിയിട്ടുണ്ട് എന്ന പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona