ദക്ഷിണ ദില്ലിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് അതിഷി മർലേന. കഴിഞ്ഞ മാസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ദില്ലി: ഗുരുതരമായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികൾക്ക് പ്ലാസ്മ നൽകാൻ തയ്യാറാണെന്ന് അറിയിച്ച് ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലേന. കൊവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടിയ വ്യക്തിയായ അതിഷി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബില്യറി സയൻസിലെ ദില്ലി സർക്കാരിന്റെ പ്ലാസ്മ ബാങ്കിനാണ് പ്ലാസ്മ നൽകുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു. മെഡിക്കൽ മാനദണ്ഡങ്ങളനുസരിച്ച് പ്ലാസ്മ ദാനം ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ഐഎൽബിഎസിലെ ദില്ലി സർക്കാരിന്റെ പ്ലാസ്മ ബാങ്കിന് പ്ലാസ്മ നൽകാനാണ് തീരുമാനം. അതിഷി ട്വീറ്റിൽ അറിയിച്ചു.
മുഖ്യമന്ത്രി അഅരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളരാണ് അതിഷിയുടെ ട്വീറ്റിനെ അഭിനന്ദിച്ചുള്ള ട്വീറ്റുമായെത്തിയത്. പ്ലാസ്മ ദാനം ചെയ്യാനുള്ള അതിഷിയുടെ തീരുമാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പിന്തുണച്ചു. ദക്ഷിണ ദില്ലിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് അതിഷി മർലേന. കഴിഞ്ഞ മാസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എഎപിയിൽ നിന്നുള്ള മറ്റു രണ്ടു നേതാക്കളായ വിശേഷ് രവി, രാജ് കുമാർ ആനന്ദ് എന്നിവർക്കും രോഗം കണ്ടെത്തിയിരുന്നു.
Happy to share that I’m now eligible for donating plasma, as per medical protocols. I will be donating plasma at Delhi Govt’s plasma bank in ILBS today! https://t.co/iWoyQ2VuIC
— Atishi (@AtishiAAP)
കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ദില്ലി. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ തുടങ്ങിയതും ദില്ലിയിലാണ്. നേതാക്കളും ജനപ്രതിനിധികളുമൊക്കെ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ടെങ്കിലും സാധാരണക്കാർ ഇപ്പോഴും ഈ രീതിയോട് വിമുഖത കാണിക്കുകയാണ്. പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ ചെലവിൽ ഗതാഗത സൗകര്യം ഏർപ്പെടുത്താമെന്നു പറഞ്ഞിട്ടും പലരും മുന്നോട്ടുവരുന്നില്ല.