'വ്യവസായ വിപ്ലവം' വിടവാങ്ങി, രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

By Web Team  |  First Published Oct 10, 2024, 7:47 AM IST

രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. 


മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോ​ഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു.

Latest Videos

രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുട‍ർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു. 

READ MORE: 160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു

click me!