കൊവിഡിനെ തോൽപ്പിച്ച് നഴ്സായ ഭാര്യയുടെ മടങ്ങിവരവ്; റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പ് നൽകി ഭർത്താവ് !

By Web Team  |  First Published Jul 29, 2020, 1:46 PM IST

രോഗത്തെ തോൽപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഓ​ഗസ്റ്റ് ഒന്നു മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും കലാവതി പറഞ്ഞു.


ബെംഗളൂരു: കൊവിഡ് 19 മഹാമാരിയെ ചെറുത്തുതോൽപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയ നഴ്സായ ഭാര്യയ്ക്ക് ​ഗംഭീര സ്വീകരണമൊരുക്കി ഭർത്താവ്. ബെംഗളൂരുവിലെ തുമക്കുരുവിലാണ് സംഭവം. പ്രൗഢമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പാണ് ഭാര്യയ്ക്കായി ഇവന്റ് മാനേജറായ രാമചന്ദ്ര റാവു സജ്ജീകരിച്ചത്.

രാമചന്ദ്ര റാവുവിന്റെ ഭാര്യ കലാവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. ഇതേ തുടർന്ന് അയൽക്കാർ ശത്രുതയോടെ പെരുമാറാൻ തുടങ്ങിയെന്ന് റാവു പറയുന്നു. ഇതോടെയാണ് രോ​ഗം മാറി വന്ന ഭാര്യയ്ക്ക് വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്. പത്ത് ദിവസത്തോളം വീട് സീല്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും ഭാര്യയെ കാണാന്‍ കാത്തിരിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

Latest Videos

ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തു നിന്നും പൂക്കള്‍ വിതറിയാണ് റാവു ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്. കൊവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോൽപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഓ​ഗസ്റ്റ് ഒന്നു മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും കലാവതി പറഞ്ഞു.

click me!