സെപ്തംബർ 7 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ ശരാശരിയേക്കാൾ എട്ട് ശതമാനം അധികമഴ രേഖപ്പെടുത്തി. മൺസൂൺ പിൻവാങ്ങൽ ഏകദേശം സെപ്റ്റംബർ 17ഓടെ ആരംഭിച്ച് ഒക്ടോബർ 15-ഓടെ പൂർത്തിയാകും. തിയ്യതികളിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം.
ദില്ലി: തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അവസാനിക്കാനിരിക്കെ സെപ്തംബർ 7 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ ശരാശരിയേക്കാൾ എട്ട് ശതമാനം അധികമഴ രേഖപ്പെടുത്തി. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അല്ല മഴ പെയ്തത്. കേരളത്തിൽ ശരാശരിയേക്കാൾ 10 ശതമാനം കുറവുണ്ടായി. മൺസൂൺ പിൻവാങ്ങൽ ഏകദേശം സെപ്റ്റംബർ 17ഓടെ ആരംഭിച്ച് ഒക്ടോബർ 15-ഓടെ പൂർത്തിയാകും. തിയ്യതികളിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം. കഴിഞ്ഞ വർഷം മൺസൂൺ പിൻവാങ്ങൽ സെപ്റ്റംബർ 25 നാണ് തുടങ്ങിയത്.
ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥാ സാഹചര്യങ്ങൾ പലപ്പോഴും മഴയുടെ വ്യത്യസ്തമായ പാറ്റേണുകൾക്ക് കാരണമാകുന്നു. അവയെ പ്രധാനമായി അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാം. മഴയിൽ വലിയ കുറവ് (-99 ശതമാനം മുതൽ -60 ശതമാനം വരെ), കുറവ് (-59 ശതമാനം മുതൽ -20 ശതമാനം വരെ), സാധാരണ മഴ (- 19 ശതമാനം മുതൽ 19 ശതമാനം വരെ), അധിക മഴ (20 ശതമാനം മുതൽ 60 ശതമാനം വരെ), വൻ കൂടുതൽ (60 ശതമാനം മുതൽ 99 ശതമാനം വരെ). ഒരു സംസ്ഥാനത്തും ഈ വർഷം വൻ കുറവോ വൻ കൂടുതലോ ആയ മഴ ലഭിച്ചിട്ടില്ല.
ഈ മണ്‍സൂണ്‍ കാലത്ത് രാജസ്ഥാനിൽ 57 ശതമാനം അധിക മഴ ലഭിച്ചപ്പോൾ മണിപ്പൂരിൽ 30 ശതമാനം കുറവ് അനുഭവപ്പെട്ടു. തൊട്ടുപിന്നിൽ ബിഹാറിൽ 26 ശതമാനം കുറവ് അനുഭവപ്പെട്ടു. പഞ്ചാബിൽ 23 ശതമാനവും ജമ്മു കശ്മീരിൽ 20 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിൽ 21 ശതമാനവും അരുണാചൽ പ്രദേശിൽ 22 ശതമാനവും മഴപ്പെയ്ത്തിൽ കുറവുണ്ടായി. ഹരിയാനയും കേരളവും 10 ശതമാനത്തിന്‍റെ കമ്മിയാണ് നേരിട്ടത്. 19 ശതമാനം വരെ കൂടുതലോ കുറവോ മഴ ലഭിച്ചാലും സാധാരണ മഴ എന്നാണ് കണക്കാക്കാറുള്ളത്. ഒഡീഷ (12 ശതമാനം), ജാർഖണ്ഡ് (13 ശതമാനം), പശ്ചിമ ബംഗാൾ (7 ശതമാനം), മിസോറാം (11 ശതമാനം), മേഘാലയ (3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലും സമാനമായി സാധാരണ നിലയിലും താഴെയാണ് മണ്‍സൂണ്‍ കാലത്ത് ലഭിച്ച മഴയുടെ അളവ്.
57 ശതമാനം അധിക മഴയുമായി രാജസ്ഥാൻ മുന്നിലെത്തിയപ്പോൾ തമിഴ്‌നാടും ഗുജറാത്തും തൊട്ടുപിന്നിലുണ്ട്. സാധാരണയേക്കാൾ 51 ശതമാനം അധിക മഴ പെയ്തു. ഗോവ (45 ശതമാനം), ലഡാക്ക് (44 ശതമാനം), ആന്ധ്രാപ്രദേശ് (42 ശതമാനം), തെലങ്കാന (40 ശതമാനം), മഹാരാഷ്ട്ര (28 ശതമാനം), കർണാടക (23 ശതമാനം), ത്രിപുര (22 ശതമാനം), സിക്കിം (21 ശതമാനം) എന്നിങ്ങനെയാണ് അധിക മഴയുടെ കണക്ക്. ദില്ലിയിൽ സാധാരണയേക്കാൾ 19 ശതമാനവും മധ്യപ്രദേശിൽ 7 ശതമാനവും അധിക മഴ ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം