ചുരമിറക്കാൻ നോക്കി, വീണിട്ടും പൊരുതിക്കയറിയ രാഹുൽ; 'ഇന്ത്യ'യുടെ നായകനാകാൻ തിരിച്ചുവരവ്, ഇനി ബിജെപി ഭയക്കണോ?

By Vikas rajagopal  |  First Published Aug 5, 2023, 6:31 AM IST

എന്‍ഡിഎ സര്‍ക്കാരിന് എതിരെ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാധാന്യം വര്‍ധിക്കും.  


അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങുകയും ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. 2024ല്‍ ആരാകും നയിക്കുക എന്ന കോണ്‍ഗ്രസിന്‍റെ ആശങ്ക ഇതോടെ മാറുകയാണ്. ഇതോടെ ദേശിയ തലത്തില്‍ തന്നെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു കഴിഞ്ഞു. വരാനിരിക്കുന്ന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തീ പാറുമെന്ന കാര്യത്തില്‍ ഉറപ്പായിക്കഴിഞ്ഞു. മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് അരങ്ങ് ഒരുങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം.

2024ല്‍ ഏകപക്ഷിയമായി വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ പുറത്ത് വന്നുകൊണ്ടിരുന്നത്. ഏതൊക്കെ രീതിയിലുള്ള സഖ്യങ്ങള്‍ വന്നാലും ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും എന്നാണ് അമിത് ഷാ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി മാറുകയാണ് എന്നു തന്നെ പറയാം. അയോഗ്യത നീങ്ങി രാഹുല്‍ എത്തുന്നത് കോണ്‍ഗ്രസിന് വലിയ ഊര്‍ജം പകരം. ഒരു കാര്യം വ്യക്തമാണ്, എന്‍ഡിഎ സര്‍ക്കാരിന് എതിരെ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാധാന്യം വര്‍ധിക്കും.  

Latest Videos

undefined

ഇന്ത്യ സംഘത്തില്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. നിതീഷ് കുമാറിനെ പോലുള്ള നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പക്ഷേ അയോഗ്യത നീക്കി രാഹുല്‍ പാര്‍ലമെന്ററി രംഗത്തേക്ക് തിരികെ എത്തുന്നതോടെ നിഷേധിക്കാനാകാത്ത സ്ഥാനമാകും ഇന്ത്യ സഖ്യത്തില്‍ രാഹുലിന് ഉണ്ടാവുക.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിനെ ഉയര്‍ത്തിക്കാണിക്കുവാന്‍ തന്നെയാണ് സാധ്യത.  ഇന്ത്യ സഖ്യത്തിലേക്ക് കൂടുതല്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ എത്താനുള്ള സാധ്യതയും ഇതോടെ വര്‍ധിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ മോഹമുണ്ടായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ബിആര്‍എസ് പോലുളള പാര്‍ട്ടികള്‍ ഇന്ത്യ കൂട്ടായ്മയില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യ സഖ്യത്തില്‍ ശക്തമായ സാന്നിധ്യമായ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പോലുള്ള നേതാക്കള്‍ രാഹുലിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിച്ഛായ ഉയര്‍ത്തിയ രാഹുല്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ദേയമായ ഇടപെടലുകളാണ് നടത്തുന്നത്. അയോഗ്യത നിലനില്‍ക്കുന്ന സമയത്ത് രാഹുല്‍ നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍  പ്രധാനമന്ത്രിയുടെ പ്രതികരണം വൈകുന്നതിലും എംപി അല്ലാതിരുന്നിട്ടും രാഹുല്‍ ശക്തമായ വിര്‍ശനങ്ങള്‍ ഉയര്‍ത്തി.  

രാഹുലിന്‍റെ അയോഗ്യത സുപ്രീം കോടതി നീക്കിയത് കോണ്‍ഗ്രസ് എംപിമാരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. നായക സ്ഥാനത്ത് രാഹുല്‍ ഇല്ലാത്തത് പാര്‍ലമെന്‍ററി രംഗത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനകമാണ് രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് പുറത്തിറക്കിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ പാര്‍ലമെന്‍റ് പ്രവേശനത്തിന് എടുക്കുന്ന സമയവും കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കും.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ദേശിയ തലത്തില്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജമാണ് നല്‍കിയത്. അയോഗ്യത മാറി പാര്‍മെന്‍ററി രംഗത്തേക്ക് രാഹുല്‍ മടങ്ങി എത്തുന്നതോടെ ഇനി വരാനിരിക്കുന്ന മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തിയോടെ നേരിടാന്‍ സാധിക്കും. രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് തിരികെ കൊണ്ടുവരണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഇനി ഉയരാനും സാധ്യത നിലനില്‍ക്കുന്നു.  എതായാലും ദേശീയ രാഷ്ട്രീയം ഇനി മോദി വേഴ്‌സസ് രാഹുല്‍ എന്ന നിലയിലേക്ക് മാറുമെന്ന് ഉറപ്പാണ് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ അടക്കം പറച്ചിൽ.

രാഹുൽ 'യോ​ഗ്യ'നായതോടെ ദില്ലിയിൽ അതിവേ​ഗ നീക്കവുമായി കോൺ​ഗ്രസ്; ലക്ഷ്യം തിങ്കളാഴ്ച ലോക്സഭയിലേക്കുള്ള തിരികെവരവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!