രാജ്യത്ത് ക്രമാതീതമായ വിധത്തിൽ കൊവിഡ് രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടുത്ത പദ്ധതി എന്താണ്?
ദില്ലി: ലോക്ക് ഡൗൺ സമ്പൂർണ്ണ പരാജയമാണെന്നും വരുംദിനങ്ങളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എന്തൊക്കെ പദ്ധതികളാണ് ഉള്ളതെന്നും കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമാണ് കൊറോണ രോഗബാധ വർദ്ധിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് അവസാനത്തോടെ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നുവെന്നും എന്നാൽ കേസുകൾ അതിവേഗമാണ് വ്യാപിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.
വീഡിയോ കോൺഫറൻസിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി ഇപ്രകാരം പറഞ്ഞത്. 'രാജ്യത്ത് ക്രമാതീതമായ വിധത്തിൽ കൊവിഡ് രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടുത്ത പദ്ധതി എന്താണ്? നാല് ഘട്ട ലോക്ക് ഡൗണുകൾക്ക് പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലം നൽകാൻ സാധിച്ചിട്ടില്ല.' രാഹുൽ ഗാന്ധി പറഞ്ഞു.
'രണ്ട് മാസങ്ങൾക്ക് മുമ്പ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് 21 ദിവസങ്ങൾക്കുള്ളിൽ കൊറോണ വൈറസിന് മേൽ വിജയം നെടുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. അറുപത് ദിവസം കൂടുതൽ പിന്നിട്ടു കഴിഞ്ഞു. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ലോക്ക് ഡൗണിന് കൊറോണ വൈറസിനെ തോൽപിക്കാൻ സാധിച്ചിട്ടില്ല. അടുത്ത പദ്ധതി എന്താണെന്ന് ഞാൻ സർക്കാരിനോട് ചോദിക്കുന്നു.' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മാർച്ച് 26ന് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ 496 പേരാണ് കൊറോണ വൈറസ് ബാധിതരായിരുന്നത്. ഒൻപത് പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇന്ന് 1.4 ലക്ഷം ആളുകളാണ് കൊറോണ വൈറസ് ബാധിതരായിരിക്കുന്നത്. നാലായിരത്തിലധികം പേർ മരിച്ചു.