തെരുവിലിറങ്ങി കുടിയേറ്റ തൊഴിലാളികളുടെ ആവലാതികള്‍ കേട്ട് രാഹുല്‍ ഗാന്ധി; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published May 16, 2020, 10:41 PM IST

രാഹുല്‍ ഗാന്ധി അടുത്തെത്തി വിശേഷങ്ങള്‍ തിരക്കിയെന്ന് തൊഴിലാളികളിലൊരാളായ മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ബുദ്ധിമുട്ടുകളാണ് രാഹുല്‍ ജി ചോദിച്ചത്. പട്ടിണികിടന്ന് മരിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞു.
 


ദില്ലി: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ രാഹുല്‍ ഗാന്ധി തെരുവിലിറങ്ങി. ശനിയാഴ്ച വൈകുന്നേരമാണ് സുഖ്‌ദേവ് വിഹാര്‍ ഫ്‌ലൈഓവറിന് താഴെ ക്യാമ്പ് ചെയ്ത തൊഴിലാളികള്‍ക്കരികെ രാഹുല്‍ എത്തിയത്. രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മാസ്‌ക് ധരിച്ചാണ് രാഹുല്‍ തൊഴിലാളികളോട് കാര്യം തിരക്കുന്നത്. ഹരിയാനയിലെ അംബാലയില്‍ നിന്ന് യുപിയിലേക്കും മധ്യപ്രദേശിലേക്കും കാല്‍നടയായി പോകുന്ന തൊഴിലാളികളാണ് ഫ്‌ലൈഓവറിന് താഴെ വിശ്രമിച്ചത്. ഇതുവരെ 130 കിലോമീറ്റര്‍ നടന്നെന്നും കൂടുതല്‍ നടക്കാനുണ്ടെന്നും ഇവര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. 

രാഹുല്‍ ഗാന്ധി അടുത്തെത്തി വിശേഷങ്ങള്‍ തിരക്കിയെന്ന് തൊഴിലാളികളിലൊരാളായ മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങളുടെ ബുദ്ധിമുട്ടുകളാണ് രാഹുല്‍ ജി ചോദിച്ചത്. പട്ടിണികിടന്ന് മരിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. എവിടെയും ജോലിയില്ല. കഴിഞ്ഞ 50 ദിവസമായി ഇതാണ് അവസ്ഥയെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ട്. കഴിയുന്ന രീതിയില്‍ സഹായിക്കാമെന്നും അദ്ദേഹം വാക്കുതന്നു'. - മഹേഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Latest Videos

തൊഴിലാളികളുമായി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി തൊഴിലാളികള്‍ക്ക് ഭക്ഷണവും മാസ്‌കും വെള്ളവും നല്‍കി. കാറില്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതായി മറ്റൊരു തൊഴിലാളി പറഞ്ഞു. ഒരു കുട്ടിയടക്കം 13 പേരാണ് സംഘത്തിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ കൂട്ടിക്കാഴ്ചക്ക് ശേഷം തൊഴിലാളികളെ ദില്ലി പൊലീസ് കസ്റ്റജഡിയിലെടുക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, ദില്ലി പൊലീസ് ആരോപണം നിഷേധിച്ചു. ലോക്ക്ഡൗണ്‍ പ്രതിസന്ധിക്ക് പരിഹാരമായി എല്ലാവരുടെയും കൈയില്‍ നേരിട്ട് പണം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആയിരങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം വീടുകളിലെത്താന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുന്നത്.
 

click me!