മധുരയിലെ സിറ്റിംഗ് എംപിയുടെ പോസ്റ്ററിലാണ് രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനിൽക്കുന്നത്
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ തമിഴ്നാട്ടിലെ സിപിഎം പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും. മധുരയിലെ സിറ്റിംഗ് എംപി സു വെങ്കടേശന്റെ പോസ്റ്ററിലാണ് രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനിൽക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് സിപിമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും സിപിഎം 2 സീറ്റിലുമാണ് മത്സരിക്കുക.
മധുരയ്ക്ക് പുറമെ ദിണ്ടിഗലിലാണ് സിപിഎം മത്സരിക്കുന്നത്. 2019ൽ തമിഴ്നാടിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഡിഎംകെ ജയിച്ച മണ്ഡലമാണ് ഇത്. ഡിഎംകെയുടെ പി വേലുസാമി 5.38 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ 2019 ൽ വെന്നിക്കൊടി പാറിച്ചത്. ദിണ്ടിഗൽ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയോജക മണ്ഡലങ്ങളിൽ പലതിലും സിപിഎം ഒരുപാട് തവണ വിജയിച്ചിട്ടുണ്ട്. എന്നാൽ 2014 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 20000 വോട്ട് പോലും പാർട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയായ സച്ചിദാനന്ദൻ മണ്ഡലത്തിൽ വിജയിച്ചാൽ ദിണ്ടിഗലിലെ ആദ്യ സിപിഎം എംപിയാകും അദ്ദേഹം.
പകരം സിപിഎം മത്സരിച്ചികൊണ്ടിരുന്ന കോയമ്പത്തൂരിൽ ഡിഎംകെ സ്ഥാനാർത്ഥി ജനവിധി തേടും. അവസാനം നടന്ന നാല് തെരഞ്ഞെടുപ്പിലും ഇടതു പാര്‍ട്ടികൾ വിജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍. 176918 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പിആര്‍ നടരാജന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം. കോയമ്പത്തൂർ അടങ്ങുന്ന പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കേണ്ട അവസരമെന്ന് വിലയിരുത്തിയാണ് സിപിഎമ്മിൽ നിന്ന് ഡിഎംകെ സീറ്റ് എറ്റെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപിക്കായി കോയമ്പത്തൂരിൽ ഇറങ്ങുമെന്ന അഭ്യൂഹം കൂടിയായതോടെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് സ്റ്റാലിൽ തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിന് പ്രചാരണ ചുമതല നൽകുമെന്നാണ് റിപ്പോർട്ട്.