'യോഗ്യനായ' രാഹുൽ 'ഇന്ത്യ'യെ നയിക്കുമോ? കോൺഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തൻ, എളുപ്പമാകില്ല മോദിക്ക് 

By Web Team  |  First Published Aug 4, 2023, 6:25 PM IST

2024 ൽ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോൺഗ്രസ് വൻ ശക്തി നേടുകയാണ്.


ദില്ലി : അയോഗ്യത നീങ്ങുന്ന രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായി മാറുകയാണ്. നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി എന്ന നിലയിലേക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ദേശീയ അന്തരീക്ഷം മാറാൻ കോടതി ഉത്തരവ് ഇടയാക്കും. രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്ത് തിരികെ കൊണ്ടുവരണം എന്ന ആവശ്യം പാർട്ടിയിൽ ഇനി ഉയർന്നേക്കാനും സാധ്യതയുണ്ട്.

രാഹുലിന് അനുകൂലമായ വിധി: സുപ്രീം കോടതിയുടെ ചോദ്യത്തിലൂന്നി നേതാക്കളുടെ പ്രതികരണം, എഐസിസി ആസ്ഥാനത്ത് ആഹ്ലാദം

Latest Videos

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ പ്രതിച്ഛായ കൂട്ടാൻ പാർട്ടിക്കായതിന് ശേഷമാണ് തിരിച്ചടി നേരിട്ടത്. 2024 ൽ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോൺഗ്രസ് വൻ ശക്തി നേടുകയാണ്. രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ നൽകിയ കേസ് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതിൽ തർക്കമില്ല. അതിനെ ഓരോ കോടതിയിലായി നേരിട്ടാണ് രാഹുൽ ഗാന്ധി അയോഗ്യത നീക്കിയിരിക്കുന്നത്. ദില്ലിയിലെ വീട് ഒഴിയാനുള്ള നിർദ്ദേശം രാഹുൽ ഉടൻ അംഗീകരിച്ചു. അയോഗ്യനായിരിക്കുമ്പോഴാണ് രാഹുൽ കർണ്ണാടകയിൽ പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുത്തത്. അവിടെ പാർട്ടി നേടിയ വിജയത്തിനു ശേഷവും രാഹുൽ അയോഗ്യനായിരിക്കുന്നതിനാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്രെ ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. 

ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും, ഉത്തരവാദിത്തങ്ങളിൽ വ്യക്തതയുണ്ട്; പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി: രാഹുൽ

രാഹുൽ എംപിയായി തിരികെ എത്തുന്നതോടെ കോൺഗ്രസിന് ഇനി ഇന്ത്യ സഖ്യത്തിലും മേൽക്കൈ കിട്ടും. തന്നെ നേതാവായി കണക്കാക്കേണ്ട എന്നാണ് രണ്ടു യോഗങ്ങളിലും രാഹുൽ നിർദ്ദേശിച്ചത്. എന്നാൽ  രാഹുലിനെ തള്ളി മറ്റൊരാളെ നേതാവായി നിശ്ചയിക്കുന്നത് ഇന്ത്യ സഖ്യത്തിലും ഇനി ആശയക്കുഴപ്പത്തിന് കാരണമാകും. മോദിക്കെതിരെ രാഹുൽ എന്ന തലത്തിലേക്ക് മത്സരം മാറാൻ കോടതിയുടെ ഈ തീരുമാനം വഴിയൊരുക്കും. ഏകപക്ഷീയം എന്ന് മോദി കരുതിയ മത്സരം എന്തായാലും കടുക്കും. അദാനി വിഷയം ഇനിയും ഉയർത്താൻ രാഹുലിന് ഇതിലൂടെ കരുത്ത് കിട്ടുകയാണ്. ഇന്ത്യ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക നേതാക്കൾ നീങ്ങാനുള്ള സാധ്യത തള്ളാനാവില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള മത്സരത്തിലും കോൺഗ്രസിന് രാഹുലിൻറെ അയോഗ്യത നീങ്ങുന്നത് നേട്ടമാകും. കോൺഗ്രസ് പാർട്ടിക്കുള്ളിലും രാഹുൽ ഗാന്ധി ഇതോടെ കരുത്തനാകുകയാണ്.  രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ കൊണ്ടു വരണമെന്ന ശക്തമായി ഉയരാനും സാധ്യതയുണ്ട്.

asianet live

 

 

click me!