ആത്മ ബന്ധം, അമ്മക്ക് കൊടുത്ത വാക്ക്! രാഹുൽ ഏത് മണ്ഡലം 'കൈ'വിടും; പകരം പ്രിയങ്ക കന്നിയങ്കത്തിന് ഇറങ്ങുമോ?

By Web Team  |  First Published Jun 4, 2024, 7:57 PM IST

വയനാടൻ ചുരം കയറി പ്രിയങ്ക ഗാന്ധി എത്തിയാൽ രാഹുൽ ഗാന്ധി കൈ വിടുന്നതിന്‍റെ പരിഭവം മണ്ഡലത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്. റായ്ബറേലിയിലായാലും സമാനമായിരിക്കും സാഹചര്യം


കൽപ്പറ്റ: രാഹുൽ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഇത്തവണത്തെ ഫലം ത്രസിപ്പിക്കുന്നതാണ്. കഴിഞ്ഞ തവണ ഒരു മണ്ഡലത്തിൽ പരാജയപ്പെട്ട രാഹുൽ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ജയമാണ് സ്വന്തമാക്കിയത്. വയനാട്ടിലും റായ്ബറേലിയിലും മൂന്നര ലക്ഷത്തിലധികം വോട്ടിനാണ് രാഹുൽ ജയിച്ചുകയറിയത്. ഇന്ത്യ മുന്നണിയുടെ പ്രധാനമുഖമായി രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് പോകുമ്പോൾ ഏത് മണ്ഡലത്തെയാകും പ്രതിനിധീകരിക്കുകയെന്നതാണ് ഇപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം. അമേഠി പോലും കൈവിട്ടപ്പോൾ തുണച്ച വയനാടിനെയോ? അതോ അമ്മ സോണിയാ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും തനിക്കും ആത്മബന്ധമുള്ള റായ്ബറേലിയോ? രണ്ടിൽ ഏത് മണ്ഡലത്തെയാകും രാഹുൽ 'കൈ' വിടുക എന്നത് ആകാംക്ഷയാണ്.

റായ്ബറേലിയെ കൈവിടില്ലെന്ന സൂചനയാണ് രാഹുൽ ഗാന്ധി നേരത്തെ തന്നെ നൽകിയിട്ടുള്ളത്. റായ്ബറേലിയിൽ മത്സരിക്കാനിറങ്ങിയപ്പോൾ തന്നെ അമ്മക്ക് കൊടുത്ത വാക്കാണ് ഈ പോരാട്ടം എന്നാണ് രാഹുൽ ഗാന്ധി വൈകാരികമായി പ്രതികരിച്ചത്. അത്രയും വൈകാരികമായ റായ്ബറേലിയെ തന്നെയാകും രാഹുൽ ലോക്സഭയിൽ പ്രതിനിധീകരിക്കുകയെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. മറിച്ചാണെങ്കിൽ റായ്ബറേലിയിലാകും ഉപതിരഞ്ഞെടുപ്പ്.

Latest Videos

ആരാകും രാഹുൽ ഗാന്ധിക്ക് പകരം തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുകയെന്നതാണ് അടുത്ത ചോദ്യം. വയനാട്ടിൽ ആയാലും റായ്ബറേലിയിൽ ആയാലും ആദ്യ പരിഗണന സഹോദരി പ്രിയങ്ക ഗാന്ധിക്ക് തന്നെയാകും. വയനാടൻ ചുരം കയറി പ്രിയങ്ക ഗാന്ധി എത്തിയാൽ രാഹുൽ ഗാന്ധി കൈ വിടുന്നതിന്‍റെ പരിഭവം മണ്ഡലത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്. റായ്ബറേലിയിലായാലും സമാനമായിരിക്കും സാഹചര്യം. ഗാന്ധി കുടുംബത്തിന്‍റെ വൈകാരിക അടുപ്പം പ്രിയങ്കയിലൂടെ റായ്ബറേലിക്ക് തുടരാം. മത്സരിക്കാനില്ലെന്ന നിലപാടിൽ പ്രിയങ്ക വീണ്ടും ഉറച്ചുനിന്നാൽ മാത്രമാകും അടുത്തയാളെ പരിഗണിക്കുക. അങ്ങനെയെങ്കിൽ അത് ആരാകുമെന്നത് കണ്ടറിയണം.

ഇത് 'മോടി'യേറിയ രാഹുൽ, രണ്ട് മണ്ഡലത്തിലും മോദിയുടെ ഇരട്ടിയിലേറെ ഭൂരിപക്ഷം; ജനഹൃദയത്തിലേക്കുള്ള 'ജോഡോ യാത്ര'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!