പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ, കേസ് ക്രൈം ബ്രാഞ്ചിന്

By Web Team  |  First Published May 25, 2024, 11:03 AM IST

അപകട വിവരം ഉടൻ കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെയ് 19നാണ് അപകടമുണ്ടായത്. യേർവാഡ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെയാണ് നടപടി. 


പൂനെ: പുനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എൻജിനിയർ കൊല്ലപ്പെട്ട സംഭവത്തിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐയേയും കോൺസ്റ്റബിളിനേയുമാണ് സസ്പെൻഡ് ചെയ്തത്. അപകട വിവരം ഉടൻ കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെയ് 19നാണ് അപകടമുണ്ടായത്. യേർവാഡ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെയാണ് നടപടി. 

പൊലീസ് ഇൻസ്പെക്ടർ രാഹുൽ ജഗ്ഡേൽ, അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിശ്വനാഥ് തോഡ്കരി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. യേർവാഡ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ക്രൈംബ്രാഞ്ചിന് നൽകിയതായും പൊലീസ് വിശദമാക്കി. പോർഷെ കാർ ഓടിച്ച 17കാരന് മദ്യം നൽകിയ ബാറിനെതിരെയും 17കാരന്റെ പിതാവിനെതിരെയുമുള്ള കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 

Latest Videos

കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തിലുണ്ടായ വീഴ്ചകളുടെ പേരിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചത്. പ്രഥമ ദൃഷ്ടിയിൽ തന്നെ കേസിന്റെ അന്വേഷണത്തിന്റെ ആരംഭത്തിൽ വീഴ്ച നടന്നതായി ശ്രദ്ധയിൽപ്പെട്ടതായും പൂനെ എസിപി വിശദമാക്കി. 17കാരന്റെ രക്തപരിശോധനയ്ക്കായി സാംപിൾ എടുക്കുന്നതിൽ കാലതാമസം വന്നതായും എസിപി വിശദമാക്കി. 

മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവ എൻജിനിയർമാരാണ് 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് മരിച്ചത്. പൂനെയിലെ കല്യാണി നഗർ ജംഗ്ഷനിഷ മെയ് 19 ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. 17കാരന്റെ പിതാവിനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!