സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ, പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് പൊലീസ്

By Web Team  |  First Published Jul 21, 2022, 8:35 AM IST

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം.


ദില്ലി: സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക്  പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. 

ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.

Latest Videos

വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം സോണിയ ഗാന്ധി തള്ളി, നേരിട്ട് ഹാജരാകും

രാജ്യമാകെ വിഷയം മുൻ നി‍ർത്തി വൻ പ്രതിഷേധത്തിനും കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ട്. മറ്റന്നാൾ രാജ്യത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ നീക്കം മാത്രമല്ലിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൂണ്ടികാട്ടിയിരുന്നു. കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗത്തിന് എതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യമൊട്ടാകെ പ്രതിഷേധിച്ച് നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും. പാർലമെന്‍റിലെ പ്രതിഷേധത്തിന് സിപിഐഎം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ  കേരളത്തിലെ സിപിഎം നിലപാട് വ്യത്യസ്ഥമാണെന്നും വേണുഗോപാൽ പറഞ്ഞു.

click me!