പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി, നോമിനേഷൻ രീതിയിൽ എതിർപ്പ്

By Web Team  |  First Published Feb 18, 2023, 11:11 AM IST

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. 


ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും  ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. 

read more  തരൂരിനെ പ്രവര്‍ത്തക സമിതിയിലുള്‍പ്പെടുത്തുമോ ? നിര്‍ണായകമാകുക രാഹുല്‍ ഗാന്ധിയുടെ നിലപാട് 

Latest Videos

25 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് ഈ പ്ലീനറി സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന് വരുന്ന നാമനിര്‍ദ്ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി മുന്‍പോട്ട് വച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്നും ഗാന്ധി കുടുംബത്തിന്‍റെ പേരില്‍ നോമിനേറ്റ് ചെയ്യപ്പേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത ശശി തരൂർ പ്രവര്‍ത്തക സമിതിയിലെത്തുന്നതില്‍ ഇപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തുകയാണ്. 

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സ്ഥിരം പ്രവര്‍ത്തക സമിതി അംഗങ്ങളാക്കാന്‍ ആലോചന പുരോഗമിക്കുമ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് മൂന്ന് പേരെന്ന വിമര്‍ശനം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിനെ പ്രിയങ്ക ഗാന്ധി സ്വാഗതം ചെയ്യുന്നത്. നേമിനേഷനിലൂടെ ആശ്രിതരെ തിരുകി കയറ്റിയെന്ന ആക്ഷേപത്തെയും മറികടക്കാനുമാകും. അതേ സമയം നിയമസഭ ലോക് സഭ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് നോമിനേഷന്‍ മതിയെന്ന നിലപാടിലേക്ക് നേതൃത്വത്തില്‍ ഭൂരിപക്ഷവും എത്തിയിരിക്കുന്നത്. 


 

click me!