അനുമതിയില്ലാതെ കൊവിഡ് ചികിത്സ; മരുന്നായി റെംഡിസിവിറും, ഗുജറാത്തില്‍ ആശുപത്രി അടച്ചുപൂട്ടി

By Web Team  |  First Published Dec 10, 2020, 10:48 PM IST

ആന്‍റിജന്‍ പരിശോധനയോ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പകരം ഹൈ റെസലൂഷന്‍ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്കാന്‍ ചെയ്താണ് രോഗികളെ തിരിച്ചറിഞ്ഞതെന്നും പരിശോധനയില്‍ വ്യക്തമായി. 


അഹമ്മദാബാദ്: അനുമതിയില്ലാതെ കൊവിഡ് രോഗികളെ ചികിത്സിച്ച സ്വകാര്യ ആശുപത്രി സീല്‍ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയാണ് അടച്ച്പൂട്ടിയത്. അഹമ്മദാബാദ് മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി. ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയിലാണ് പതിമൂന്ന് കൊവിഡ് രോഗികളെ ഇവിടെ ചികിത്സിക്കുന്ന വിവരം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

നരോദ മേഖലയിലെ ആത്മീയ ആശുപത്രിയാണ് അടച്ചുപൂട്ടിയത്. ആന്‍റിജന്‍ പരിശോധനയോ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പകരം ഹൈ റെസലൂഷന്‍ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്കാന്‍ ചെയ്താണ് രോഗികളെ തിരിച്ചറിഞ്ഞതെന്നും പരിശോധനയില്‍ വ്യക്തമായി. സ്കാന്‍ റിസല്‍ട്ടുകളെ അടിസ്ഥാനമായാണ് ചികിത്സ നടന്നിരുന്നതെന്നും പരിശോധന വ്യക്തമാക്കുന്നു. കൊവിഡ് ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് റെംഡിസിവിര്‍ മരുന്നും നല്‍കിയതായി രോഗികളുടെ ചികിത്സാ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്.

Latest Videos

ആശുപത്രി മാനേജ്മെന്‍റിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ബുധനാഴ്ച വരെ 52910 കൊവിഡ് രോഗികളാണ് അഹമ്മദാബാദിലുള്ളത്. 2145 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് അഹമ്മദാബാദില്‍ മരിച്ചിട്ടുള്ളത്. 

click me!