ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന് വയറുവേദന രൂക്ഷം, ശസ്ത്രക്രിയയിൽ നീക്കിയത് ചൈനീസ് ഫോൺ

By Web Team  |  First Published May 2, 2024, 10:31 AM IST

വലുപ്പം കുറഞ്ഞ ഫോണായിരുന്നതിനാൽ മലത്തിലൂടെ പുറത്തെടുക്കാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചെറുകുടലിൽ മൊബൈൽ ഫോൺ കുടുങ്ങിയതോടെയാണ് സംഭവങ്ങളുടെ ഗതിമാറിയത്. എൻഡോസ്കോപിയിലൂടെ ഫോണിന്റെ ബാറ്ററിയും പിൻകവറും പുറത്തെടുക്കാൻ സാധിച്ചെങ്കിലും കീ പാഡ് ചെറുകുടലിൽ കുടുങ്ങിയതോടെയാണ് തടവുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 


ശിവമൊഗ്ഗ: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരനായ തടവുകാരന് അതികഠിനമായ വയറുവേദന. വേദന അസഹ്യമായതോടെ യുവാവിനെ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത് മൊബൈൽ ഫോൺ. കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയായ പരശുറാം എന്ന തടവുകാരനെയാണ് ബെംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്. വയറുവേദന അതിരൂക്ഷമായതിന് പിന്നാലെ മക്ഗാൻ ആശുപത്രിയിൽ നിന്നായിരുന്നു തടവുകാരനെ ഇങ്ങോട്ടേക്ക് റഫർ ചെയ്തത്. അൾട്രാ സൌണ്ട് സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 38കാരന്റെ വയറിനുള്ളിൽ അന്യ പദാർത്ഥം ശ്രദ്ധിക്കുന്നത്. 

അന്യ പദാർത്ഥം നീക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത് അനുസരിച്ചാണ് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. എന്നാൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വസ്തു കണ്ട് ഡോക്ടർമാരും ജയിൽ അധികൃതരും അമ്പരക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. കീപാഡ് മോഡലിലുള്ള ചൈനീസ് മൊബൈൽ ഫോണാണ് ഇയാളുടെ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഫോൺ പുറത്തെടുത്തതിന് പിന്നാലെ യുവാവിന്റെ വേദനയ്ക്കും ആശ്വാസമായി.

Latest Videos

പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സെല്ലിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഫോൺ വിഴുങ്ങിയതാണെന്ന് ഇയാൾ വ്യക്തമാക്കിയത്. 20 ദിവസത്തിന് മുൻപാണ് ഇയാൾ ഫോൺ വിഴുങ്ങിയത്. വലുപ്പം കുറഞ്ഞ ഫോണായിരുന്നതിനാൽ മലത്തിലൂടെ പുറത്തെടുക്കാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചെറുകുടലിൽ മൊബൈൽ ഫോൺ കുടുങ്ങിയതോടെയാണ് സംഭവങ്ങളുടെ ഗതിമാറിയത്. എൻഡോസ്കോപിയിലൂടെ ഫോണിന്റെ ബാറ്ററിയും പിൻകവറും പുറത്തെടുക്കാൻ സാധിച്ചെങ്കിലും കീ പാഡ് ചെറുകുടലിൽ കുടുങ്ങിയതോടെയാണ് തടവുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 

1 മണിക്കൂർ 15 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോണിന്റെ ശേഷിച്ച ഭാഗം പുറത്തെടുത്തത്. സംഭവത്തിൽ തടവുകാരനെതിരെ ജയിൽ അധികൃതർ പരാതി നൽകിയിട്ടുണ്ട്. സാധാരണ ഗതിയിൽ ജയിലിലേക്ക് സാധനങ്ങൾ ഒളിച്ച് കടത്തുന്ന സാധനങ്ങൾ പലയിടങ്ങളിലും ഒളിച്ച് വയ്ക്കുന്നത് റെയ്ഡുകളിൽ കുടുങ്ങാറുണ്ടെന്നാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!