വാരാണസിയിൽ മൂന്നാം വട്ടം: പ്രധാന നേട്ടമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുന്നത് കാശി വിശ്വനാഥ ഇടനാഴി

By Web Team  |  First Published May 18, 2024, 7:26 AM IST

അഞ്ച് ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി ഇത്തവണ വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം


ദില്ലി: വാരാണസിയിൽ മൂന്നാം തവണയും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് കാശി വിശ്വനാഥ ഇടനാഴി. ഇടനാഴി നിർമ്മിച്ചതിന് ശേഷം കാശിയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായി വർദ്ധനവുണ്ടായെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. അതേസമയം പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിട ഉടമകളിൽ ചിലർ പണം ലഭിക്കാനായി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

കാശി വിശ്വനാഥ ക്ഷേത്രത്തെയും ​ഗം​ഗാതീരത്തെ ഘാട്ടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. 2021 ഡിസംബറിലാണ് ഇടനാഴിയുടെ ആദ്യഘട്ടം മോദി ഉദ്ഘാടനം ചെയ്തത്. 339 കോടി രൂപയാണ് പദ്ധതി ചിലവ്. 5 ലക്ഷം സ്ക്വയർഫീററിലായി നിറഞ്ഞിരിക്കുന്ന ഇടനാഴിയിൽ 23 കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. 2017 നും 2018 നും ഇടയിൽ 62 ലക്ഷം തീർത്ഥാടകരാണ് ക്ഷേത്രത്തിലെത്തിയതെന്നും, 2022 നും2023 നും ഇടയിൽ ഇത് 7 കോടിയായി ഉയർന്നെന്നും നരേന്ദ്ര മോദി അവകാശപ്പെടുന്നു. നേരത്തെ ക്ഷേത്രത്തിലെത്തുന്നവർ ഘാട്ടുകളിലേക്ക് ഇടുങ്ങിയ വഴികളിലൂടെ പോകേണ്ടിയിരുന്നു. ഇടനാഴി വന്നതോടെ യാത്ര എളുപ്പമായി. ഇപ്പോൾ കൂടുതൽ തീർത്ഥാടകർ വരുന്നുണ്ടെന്നും കച്ചവടം കൂടിയെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

Latest Videos

undefined

ഇടനാഴി വന്നതിന് ശേഷം ദിവസവും 6 ലക്ഷം പേർ വരെ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും അടക്കം 300 കെട്ടിടങ്ങൾ പദ്ധതിക്കായി ഏറ്റെടുത്തിരുന്നു. കെട്ടിടങ്ങൾ വിട്ടു നൽകിയവരിൽ ചിലർക്ക് ഇപ്പോഴും മുഴുവൻ തുക അധികൃതർ നൽകിയിട്ടില്ലെന്ന് പരാതിയുണ്ട്. എന്നാൽ കാശി ഇടനാഴി നിർമ്മിക്കാൻ അനുമതി നൽകിയത് താൻ മുഖ്യമന്ത്രിയായിരിക്കെ ആണെന്ന അവകാശവാദവുമായി അഖിലേഷ് യാദവും രംഗത്തുണ്ട്. 

അഞ്ച് ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി ഇത്തവണ വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. കാശി വിശ്വനാഥ ക്ഷേത്രം കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസന പദ്ധതികൾ ഇതിന് തുണയാകുമെന്നാണ് ഉറച്ച പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!