ട്രക്കിലും കാൽനടയായും വീ‍ട്ടിലേക്കുള്ള യാത്ര; 900 കിലോമീറ്റർ താണ്ടിയ ഗർഭിണി കുഞ്ഞിന്​ ജന്മം നൽകി

By Web Team  |  First Published May 16, 2020, 6:48 PM IST

വെള്ളിയാഴ്​ച വരെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ്​ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 


പാട്​ന: 900 കിലോമീറ്റർ യാത്ര ചെയ്ത ഗർഭിണി പെൺകുഞ്ഞിന്​ ജന്മം നൽകി. നോയിഡയിൽ നിന്ന് കാൽനടയായും ട്രക്കി​​ന്റെ പുറകിലും യാത്ര ചെയ്​ത്​ ഉത്തർപ്രദേശ്​ -ബിഹാർ അതിർത്തിയിൽ എത്തിയ രേഖാ ദേവിയാണ് കുഞ്ഞിന്​ ജന്മം നൽകിയത്. സുപോൾ ജില്ലയിലുള്ള ഗ്രാമത്തി​ലെത്താനാണ് രേഖയും ഭർത്താവ്​ സന്ദീപ് യാദവും യാത്ര തിരിച്ചത്.

തിങ്കളാഴ്​ച പുലർച്ചെ യാത്ര തുടങ്ങിയ ഇവർ വ്യാഴാഴ്​ച വൈകി​ട്ടോടെ ഗോപാൽഗഞ്ചിൽ എത്തി. പ്രസവവേദനയെ തുടർന്ന്​ വഴിയരികിൽ കുഴഞ്ഞ് വീണ രേഖയെ ആശുപത്രിയിലെത്തിക്കാൻ സന്ദീപ്​ സഹായം ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട്​ പൊലീസി​ന്റെ സഹായത്തോടെ രേഖയെ ആംബുലൻസിൽ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറിനുള്ളിൽ രേഖ പെൺകുഞ്ഞിന്​​ ജന്മം നൽകുകയും  ചെയ്തു.

Latest Videos

ലോക്ക്ഡൗണിനെ തുടർന്ന്​ തൊഴിൽ നഷ്​ടമായതോടെയാണ്​ 35 കാരനായ സന്ദീപും ഒമ്പതുമാസം ഗർഭിണിയായ രേഖയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക്​ തിരിച്ചത്​. സുപോൾ ജില്ലയിൽ നിന്ന്​ 300 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ്​ ഇവരുടെ വീട്​. കിലോമീറ്ററുകൾ നടന്ന ശേഷം തങ്ങൾക്ക് ട്രക്ക്​ ലഭിച്ചതായി സന്ദീപ്​ പറയുന്നു. 

രേഖയെ കണ്ട ട്രക്ക്​ ഡ്രൈവർ തങ്ങളെ യു.പിയിലെ ബൽത്താരി ചെക്ക് പോയിന്റിന്​ സമീപത്ത് എത്തിച്ചതായും അവിടെ നിന്ന്​ ഗോപാൽഗഞ്ച്​ വരെ നടന്നുവെന്നും സന്ദീപ് പറയുന്നു. എന്നാൽ, പത്ത്​ കിലോമീറ്ററിലധികം നടന്ന രേഖക്ക്ല പെട്ടന്ന​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ്​ റോഡരികിൽ ഇരിക്കുകയുമായിരുന്നു.

കൊവിഡ് ആയിരിക്കാമെന്ന് സംശയിച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രേഖയെ പ്രവേശിപ്പിക്കാൻ ആദ്യം വിസമ്മതിച്ചതായും സന്ദീപ്​ പറയുന്നു. പിന്നീട്​ ഗോപാൽഗഞ്ച് ഡി.എം അർഷാദ് അസീസുമായി ബന്ധപ്പെട്ട ശേഷമാണ്​ രേഖ​ക്ക്​ ചികിത്സ നൽകിയത്​.
 
വെള്ളിയാഴ്​ച വരെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ്​ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇരുവർക്കും യാത്ര ചെയ്യാവുന്ന ഘട്ടമെത്തിയാൽ കുടുംബത്തെ സുപോളിലേക്ക് അയക്കാൻ വാഹനം ക്രമീകരിക്കുമെന്ന്​ എസ്.പി മനോജ് കുമാർ തിവാരി അറിയിച്ചു.

click me!