വോട്ടെണ്ണലിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്നലെ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യമായിരുന്നു ഇത്.
ദില്ലി: പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കുക പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇന്ത്യ സഖ്യം നേതാക്കൾ ഉന്നയിച്ച ആവശ്യം തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടെണ്ണലിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്നലെ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യമായിരുന്നു ഇത്.
മുമ്പ് പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയിരുന്നത്. അതിന് ശേഷമാണ് ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഈ രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. പ്രധാനമായും ആവശ്യപ്പെട്ടത് പഴയ രീതിയിലേക്ക് മാറണം, ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർത്തതിന് ശേഷം ഫലം പ്രഖ്യാപിക്കണം. അതിന് ശേഷം മാത്രമേ ഇവിഎം എണ്ണിത്തുടങ്ങാവൂ എന്നാണ്. എന്നാൽ ഇതിൽ പ്രായോഗികമായ തടസങ്ങൾ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചിട്ടുള്ള വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും.
undefined
കഴിഞ്ഞ തവണ ആകെ 22 ലക്ഷം പോസ്റ്റൽ ബാലറ്റ് ഇന്ത്യയിലാകെ ഉണ്ടായിരുന്നു എന്നാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണയും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം കൂടുതലായിരിക്കും. അങ്ങന എണ്ണിത്തീർന്നതിന് ശേഷം ഇവിഎമ്മിലേക്ക് കടക്കുന്നത് വോട്ടെണ്ണൽ പ്രക്രിയ ഏറെ വൈകാൻ ഇടയാക്കും. അതുകൊണ്ട് ഇപ്പോൾ ഉള്ള നിർദേശം, ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണുക, അരമണിക്കൂറിന് ശേഷം ഇവിഎം എണ്ണിത്തുടങ്ങുക എന്നതാണ്. അതായത് 8 മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയാൽ എട്ടരമണിക്ക് ഇവിഎം എണ്ണിത്തുടങ്ങും. പോസ്റ്റൽ ബാലറ്റുകൾ ഈ സമയത്തിനുള്ളിൽ എണ്ണിക്കഴിഞ്ഞില്ലെങ്കിൽ, ഇവിഎമ്മിനൊപ്പം തന്നെ എണ്ണും. പിന്നീട് കണക്കുകൾ ഒന്നിച്ചാക്കുകയും ചെയ്യും.
പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കേണ്ടതാണ്. പിന്നീട് കേസുകൾ ഉണ്ടാകുകയാണെങ്കിൽ കോടതിക്ക് തന്നെ നേരിട്ട് പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യത്തിൽ എന്തെങ്കിലും കൃത്രിമം നടക്കും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.