2021ലാണ് ശദബും ബാർബറയും തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയമായി മാറി
റാഞ്ചി: പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ വിഷയം വിവാദം സൃഷ്ടിക്കുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു പ്രണയകഥ. ഇത്തവണ പോളണ്ടിൽ നിന്നുള്ള 49 കാരിയായ വനിതയാണ് കാമുകനെ കാണാനായി ജാർഖണ്ഡിലെ ഹസാരിബാഗിൽ എത്തിയത്. ഇൻസ്റ്റാഗ്രാമിൽ വഴി പരിചയപ്പെട്ട് അടുപ്പത്തിലായ 35കാരനായ ശദബ് മാലിക്ക് എന്ന യുവാവിനെ കാണാനാണ് പോളിഷ് പൗരയായ ബാർബറ പൊളാക് എത്തിയത്.
തന്റെ ആറ് വയസുകാരിയായ മകളുമൊത്താണ് ബാർബറ ഹസാരിബാഗിലെ ഖുത്ര ഗ്രാമത്തിൽ എത്തിയത്. 2021ലാണ് ശദബും ബാർബറയും തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയമായി മാറി. 2027 വരെ സാധുതയുള്ള ഒരു ടൂറിസ്റ്റ് വിസയിലാണ് ബാർബറ ശദബിനെ കാണാൻ ഇന്ത്യയിലേക്ക് വന്നത്. ഇരുവരും ഇപ്പോൾ വിവാഹിതരാകാൻ തീരുമാനിക്കുകയും ഹസാരിബാഗ് എസ്ഡിഎം കോടതിയിൽ അതിന് അപേക്ഷിക്കുകയും ചെയ്തു. വിവാഹമോചിതയാണ് ബാർബറ.
ഇന്ത്യയിലെത്തിയ ശേഷം ബാർബറ തന്നെ കണ്ടുമുട്ടിയെന്നും കുറച്ച് ദിവസം ഹോട്ടലിൽ താമസിച്ചെന്നും ശദബ് പറഞ്ഞു. പിന്നെ ഖുത്രയിൽ തന്നെ താമസം തുടങ്ങി. ഗ്രാമത്തിലെ ചൂട് ബാർബറയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഇതോടെ രണ്ട് എസികൾ സ്ഥാപിക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിഥികൾക്കായി പുതിയ കളർ ടിവിയും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ശദബിന്റെ കുടുംബത്തെ വീട്ടുജോലികളിൽ ഉൾപ്പെടെ സഹായിച്ച് ബാർബറ ആ വീടിന്റെ ഭാഗമായി കഴിഞ്ഞു.
ഇന്ത്യയും ഹസാരിബാഗും തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ബാർബറ പറഞ്ഞു. അതേസമയം, വിദേശ വനിത ഗ്രാമത്തിൽ എത്തിയെന്ന വാർത്തയറിഞ്ഞ് ഹസാരിബാഗ് ഡിഎസ്പി രാജീവ് കുമാറും ഇൻസ്പെക്ടർ അഭിഷേക് കുമാറും ശദബിന്റെ വീട്ടിലെത്തി. ബാർബറയുമായി പൊലീസ് സംസാരിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്റെ രാജ്യത്തേക്ക് മടങ്ങുമെന്ന് പൊലീസിനെ അറിയിച്ച ബാർബറ, തന്റെ വിസ കാണിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...