സംഗനൂർ ട്രാഫിക് സിഗ്നലിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ ശർമ്മിള വാഹനം ഓടിച്ചെന്നും ഇത് ചോദ്യം ചെയ്ത പൊലീസുകാരിയെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞ ശർമ്മിളയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥക്കതിരെ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് നടപടി. കമൽഹാസൻ സമ്മാനമായി നൽകിയ കാറോടിക്കുന്നതിനിടെ, ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അനാവശ്യമായി തടഞ്ഞെന്നും
അസഭ്യം പറഞ്ഞുവെന്നുമായിരുന്നു ശർമ്മിളയുടെ ആരോപണം. ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് രസീത് നൽകാതെ പൊലീസ് ഉദ്യോഗസ്ഥ പണം വാങ്ങുന്നുവെന്നും ശർമ്മിള ആരോപിച്ചെങ്കിലും ഇത് തെളിയിക്കുന്ന ദൃശ്യങ്ങളൊന്നും വീഡിയോയിൽ ഉണ്ടായിരുന്നില്ല.
ശർമ്മിളയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്. സംഗനൂർ ട്രാഫിക് സിഗ്നലിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ ശർമ്മിള വാഹനം ഓടിച്ചെന്നും ഇത് ചോദ്യം ചെയ്ത പൊലീസുകാരിയെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
അനുവാദമില്ലാതെ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പിന്നാലെ അപകീർത്തികരമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം കുറ്റങ്ങളും ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ. ഡിഎംകെ എംപി കനിമൊഴിയെ ബസിൽ കയറ്റിയതിന്റെ പേരിൽ ശർമ്മിളയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതും പിന്നാലെ കമൽഹാസൻ കാർ സമ്മാനമായി നൽകിയതും തമിഴ്നാട്ടിൽ വലിയ ചർച്ചയായിരുന്നു.