മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയ ബൻസ് വാഡയിൽ ബിജെപി രണ്ടര ലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ് തോറ്റത്.
ദില്ലി: ധ്രുവീകരണം ലക്ഷ്യമിട്ട് വർഗീയത ഉയർത്തി ബിജെപി നടത്തിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഹിന്ദു - മുസ്‍ലിം ചേരിതിരിവ് ഉന്നമിട്ട മേഖലകളില്‍ പലതിലും ബിജെപി പരാജയപ്പെട്ടു. 19 ശതമാനം മാത്രം ന്യൂനപക്ഷ സമുദായ സാന്നിധ്യമുള്ള ഉത്തർ പ്രദേശിലേത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി തോറ്റു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്വേഷ പ്രചാരണമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച ബിജെപി തന്നെയാണ് ഇതിനുള്ള നീക്കം തെരഞ്ഞെടുപ്പില്‍ നടത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ, കരുതിയ അത്ര ഭരണാനുകൂല തരംഗമില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി ധ്രുവീകരണത്തിനായി തീവ്ര ശ്രമം തുടങ്ങുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതിനുള്ള വിഷയങ്ങൾ നിരന്തരം ഉന്നയിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ മുസ്‍ലിംകള്‍ക്ക് നല്‍കുമെന്ന് മോദി രാജസ്ഥാനിലെ ബൻസ്‍വാരയിൽ പറഞ്ഞത് വൻ വിവാദമായി.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ വിഭാഗീയത ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് പലയിടങ്ങളില്‍ നിന്നും ഉണ്ടായത് കനത്ത തിരിച്ചടിയാണ്. മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയ ബൻസ്‍വാരയിൽ ബിജെപി രണ്ടര ലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ് തോറ്റത്. ഹിന്ദു വോട്ടുകൾ ഏകീകരിക്കാനാകുമെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് 79 ശതമാനം ഹിന്ദുക്കളും 19 ശതമാനം മുസ്ലീംങ്ങളുമുള്ള ഉത്തർപ്രദേശില്‍ നിന്നാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിലും ബിജെപിക്ക് കനത്ത പരാജയമുണ്ടായി. ആകെ 15 ശതമാനം മാത്രം മുസ്ലിം വോട്ടർമാരുള്ള ഫൈസാബാദിലാണ് ബിജെപി വീണത്.
ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ബിജെപിയുടെ ധ്രുവീകരണ നീക്കം ജനം തള്ളി. പിന്നാക്ക, ദളിത് വിഭാഗങ്ങളും ചില സ്ഥലങ്ങളിൽ മുന്നോക്ക വോട്ടർമാരും ബിജെപിയെ കൈവിട്ടു. എല്ലാം അയോധ്യയിൽ കേന്ദ്രീകരിച്ച പ്രധാനമന്ത്രിയുടെ നയത്തിനാണ് കനത്ത തിരിച്ചടിയേറ്റത്.