താക്കോൽ തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്ന ആരോപണത്തിലൂടെ മോദി ലക്ഷ്യമിടുന്നത് നവീൻ പട്നായികിന്റെ വിശ്വസ്തൻ വി കെ പാണ്ഡ്യനെയാണ്
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം ബിജു ജനതാദളിനെതിരെ ആയുധമാക്കി ബിജെപി. പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ ഒരിക്കലും സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലെ റാലിയിൽ ആരോപിച്ചു. ഇത്രയും അറിവുണ്ടെങ്കിൽ പ്രധാനമന്ത്രി ഇക്കാര്യം അന്വേഷിക്കണമെന്ന് ബിജെഡി തിരിച്ചടിച്ചു.
ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ അണിയിക്കാനുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്ന ഭണ്ഡാരം. വിശ്വാസികൾക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്നഭണ്ഡാരം അവസാനമായി തുറന്നത്. 2018ൽ ഭണ്ഡാരം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഈ സമയത്താണ് രത്നഭണ്ഡാരം തുറക്കാനുള്ള താക്കോൽ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. അന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവച്ച ഈ സംഭവമാണ് നവീൻ പട്നായിക് സർക്കാരിനെതിരെ പ്രധാനമന്ത്രി ആയുധമാക്കുന്നത്.
താക്കോൽ തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്ന ആരോപണത്തിലൂടെ മോദി ലക്ഷ്യമിടുന്നത് നവീൻ പട്നായികിന്റെ വിശ്വസ്തൻ വി കെ പാണ്ഡ്യനെയാണ്. താക്കോൽ കാണാതായതിൽ ജുഡീഷ്യൽ അന്വേഷണം നടത്തിയ നവീൻ പട്നായിക് സർക്കാർ ഇതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും മോദി റാലിയിൽ ഉയർത്തിക്കാട്ടുന്നു.
ആരോപണം രാഷ്ട്രീയ പ്രേരിതമെന്നാണ് ബിജെഡിയുടെ പ്രതികരണം. താക്കോൽ എവിടെയെന്ന് അറിയാമെങ്കിൽ മോദി അത് കണ്ടെത്തണമെന്ന് വി കെ പാണ്ഡ്യൻ ആവശ്യപ്പെട്ടു.വർഷങ്ങൾ നീണ്ട സഖ്യം വേർപിരിഞ്ഞ് ബിജു ജനതാദളും ബിജെപിയും ഇത്തവണ നേർക്കുനേർ മത്സരിക്കുന്ന ഒഡിഷയിൽ ഇനി രണ്ട് ഘട്ടം കൂടി വോട്ടെടുപ്പ് പൂർത്തിയാകാനുണ്ട്.
'നരേന്ദ്ര മോദിക്ക് ഗുജറാത്തിൽ മത്സരിക്കാൻ ഭയം': വാരാണസിയിലെ ബിഎസ്പി സ്ഥാനാർത്ഥി