ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു
ദില്ലി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദി ധ്യാനം നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ധ്യാനം വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍, ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണ്. എന്നാൽ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് കത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തിരക്കൊഴിഞ്ഞ‌് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെയാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തുക. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.
പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവേകാനന്ദപ്പാറ യിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഉണ്ട്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാൻ മോദി എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.