രജപക്സെയുടെ നേതൃത്വത്തിൽ ശ്രീലങ്ക കൊവിഡിനെ ഫലപ്രദമായി നേരിടുന്നുവെന്ന് മോദി ഫോൺ സംഭാഷണത്തിന് ശേഷം ട്വീറ്റ് ചെയ്തു
ദില്ലി: കൊവിഡിനെതിരെ പൊരുതുന്ന ശ്രീലങ്കയ്ക്കും മൗറീഷ്യസിനും സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോഥ് എന്നിവരെയാണ് മോദി ഫോണിൽ വിളിച്ചത്.
രജപക്സെയുടെ നേതൃത്വത്തിൽ ശ്രീലങ്ക കൊവിഡിനെ ഫലപ്രദമായി നേരിടുന്നുവെന്ന് മോദി ഫോൺ സംഭാഷണത്തിന് ശേഷം ട്വീറ്റ് ചെയ്തു. മഹാമാരിയെയും അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതത്തെയും മറികടക്കാൻ ശ്രീലങ്കയെ ഇന്ത്യ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൗറീഷ്യസ് പ്രസിഡന്റിനെ കൊവിഡ് പ്രവർത്തനങ്ങളിൽ അഭിനന്ദനം അറിയിച്ച മോദി, ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക മൂല്യങ്ങൾ വളരെ സവിശേഷതയുള്ളതാണെന്ന് പറഞ്ഞു. മൗറീഷ്യസിലെ സഹോദരങ്ങളുടെ ഒപ്പം ദുരിത കാലത്ത് അവരുടെ ഇന്ത്യൻ സഹോദരങ്ങൾ അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.