'മേഡ് ഇൻ ഇന്ത്യ', രണ്ടാംഘട്ടം ആകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്സീൻ: പ്രധാനമന്ത്രി

By Savithri T M  |  First Published Jan 16, 2021, 11:31 AM IST

ഒരു കാരണവശാലും വാക്സീന് എതിരെയുള്ള പ്രചാരണങ്ങളിൽ വീണ് പോകരുതെന്ന് പ്രധാനമന്ത്രി. വാക്സീനേഷൻ പദ്ധതി ഏറെക്കാലം നീണ്ട് നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസക്തവിവരങ്ങൾ ഇങ്ങനെ.
 


ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ ഒരു ഘട്ടത്തിൽ വികാരാധീനനായി. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാംഘട്ടമാകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്സീൻ നൽകും. മൂന്ന് കോടി മുന്നണിപ്പോരാളികൾക്കുള്ള വാക്സീൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അതേസമയം, വാക്സീനേഷനെതിരായ പ്രചാരണങ്ങളിൽ വീണ് പോകരുതെന്നും മേഡ് ഇൻ ഇന്ത്യ വാക്സീനുകൾ പൂർണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എത്രയോ മാസങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യമായി എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കുറെ നാളായി എല്ലാവരുടെയും ചോദ്യത്തിന് അവസാനമായി. വളരെപ്പെട്ടെന്ന് തന്നെ വാക്സീൻ എത്തി. ഇതിനായി പ്രയത്നിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനം നൽകുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടെയും പ്രതിഭയുടെയും ഉദാഹരണമാണ്. രോഗസാധ്യത കൂടുതലുള്ളവർക്ക് ആദ്യം വാക്സീൻ നല്കുന്നു. കൂടുതൽ വാക്സീനുകൾ ഇന്ത്യ ഉത്പാദിപ്പിക്കും. കുത്തിവയ്പിന് വിപുലമായ വ്യവസ്ഥകൾ ഏർപ്പെടുത്തി. മൂന്നുകോടി മുന്നണി പോരാളികളുടെ വാക്സിനേഷൻ ചെലവ് കേന്ദ്രം വഹിക്കും. രണ്ട് ഡോസ് കുത്തിവയ്പ് അനിവാര്യമാണ്. രണ്ട് ഡോസിനും ഇടയിൽ ഒരു മാസത്തെ ഇടവേളയുണ്ടാകും. കുത്തിവയ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞേ ഫലം കാണൂ. 

Latest Videos

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിച്ച ഉത്സാഹം ഇതിലും വേണമെന്ന് പ്രധാനമന്ത്രി പറയുന്നു. ലോകത്ത് ഇതു വരെ 3 കോടി പേർക്കേ വാക്സീൻ കിട്ടിയിട്ടുള്ളൂ എന്ന് പ്രധാനമന്ത്രി ഓർമിപ്പിക്കുന്നു. ഇന്ത്യയിൽ രണ്ടാം ഘട്ടം ആവുമ്പോഴേക്കും 30 കോടി പേർക്ക് വാക്സീൻ കിട്ടും. ഇന്ത്യയിലെ വാക്സീനിൽ ലോകത്തിന് വിശ്വാസമുണ്ട്. രണ്ട് വാക്സീനുകളും വിജയിക്കുമെന്ന് പൂർണവിശ്വാസത്തോടെയാണ് ഇന്ത്യ മുന്നോട്ടുനീങ്ങു്നനത്. ഇന്ത്യയുടെ വാക്സീൻ മറ്റ് വാക്സീനുകളേക്കാൾ ലളിതമാണ്. 

കൊവിഡിനെതിരായ പോരാട്ടം ജയിക്കാൻ വാക്സീനു കഴിയും. രാജ്യത്തിന്‍റെ ആത്മവിശ്വാസം ഇടിക്കാൻ അനുവദിക്കരുത്. സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വാക്സിനേഷനിലും പ്രകടമാകണം. രാജ്യം ഒരു വർഷത്തിൽ ഏറെ കാര്യങ്ങൾ പഠിച്ചു. 

വികാരാധീനനായി പ്രധാനമന്ത്രി

രാജ്യം ഒരു വർഷത്തിൽ ഏറെ കാര്യങ്ങൾ പഠിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗിയെ ഒറ്റപ്പെടുത്തിയ രോഗമാണിത്. കുട്ടികൾ അമ്മയിൽ നിന്ന് അകന്നു കഴിയേണ്ടി വന്നു. മരിച്ചവരുടെ അന്തിമസംസ്ക്കാരം പോലും യഥാവിധി നടത്താനായില്ല. വീട്ടിൽ പോലും പോകാതെ ആരോഗ്യപ്രവർത്തകർ ജീവനുകൾ രക്ഷിച്ചു. ആയിരക്കണക്കിനാളുകൾ ജീവൻ തന്നെ ബലി നല്കി. വാക്സീനേഷൻ ജീവത്യാഗം ചെയ്തവർക്കുള്ള ആദരാഞ്ജലി കൂടിയാണ്. ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത മഹാമാരിയാണ് ഉണ്ടായത്. ഇന്ത്യയിലെ വലിയ ജനസംഖ്യ ദൗർബല്യമായി മാറുമെന്ന് പലരും കരുതി. കൊവിഡ് ആദ്യ കേസ് സ്ഥിരീകരിക്കും മുമ്പ് തന്നെ ഇന്ത്യ നടപടി തുടങ്ങിയിരുന്നു. ആത്മവിശ്വാസം ഉണ്ടാക്കാൻ ജനത കർഫ്യൂവും ദീപം തെളിയിക്കലും സഹായിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുക എളുപ്പമായിരുന്നില്ല. രാജ്യത്ത് എല്ലാം വ്യവസ്ഥയോടെ നടക്കാൻ സാധ്യമായതെല്ലാം ചെയ്തു. ജനങ്ങളുമായി താൻ നിരന്തരം സംസാരിച്ചു. വന്ദേഭാരത് മിഷനിലൂടെ രാജ്യം പ്രവാസികളെ തിരികെ എത്തിച്ചു. ഈ നടപടികളിലൂടെ രാജ്യത്ത് മരണനിരക്ക് കുറയ്ക്കാനായി. രണ്ടാഴ്ചയയായി ചില ജില്ലകളിൽ കൊവിഡ് കേസുകൾ ഇല്ല. 150 രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നുകൾ എത്തിച്ചു. ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതി ലോകം ശ്രദ്ധിക്കുന്നു. വാക്സിനേഷൻ  പദ്ധതി ഏറെക്കാലം നീണ്ടു നില്ക്കും. മരുന്നിനൊപ്പം കരുതൽ എന്നതാവും മുദ്രാവാക്യം - പ്രധാനമന്ത്രി പറഞ്ഞു.

click me!