വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പതിറ്റാണ്ടുകളായി ദില്ലിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും കൂടെക്കൂട്ടിയിട്ടുണ്ട്. ദില്ലി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയാണ്.
ദില്ലി: ദില്ലി നഗരത്തിലെ ഒരു പതിവ് കാഴ്ച കൂടി അന്യമാകുന്നു. പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അധികൃതർ അടച്ചു പൂട്ടാനൊരുങ്ങുകയാണ്. രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങളുണ്ട്. എന്നാൽ ഇതും ദില്ലിക്ക് അന്യമാവുകയാണ്.
വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പതിറ്റാണ്ടുകളായി ദില്ലിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും കൂടെക്കൂട്ടിയിട്ടുണ്ട്. ദില്ലി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയാണ്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായി. കൊണാട്ട് പ്ലേസ്, ജണ്ഡേവാലൻ, തൽക്കത്തോറ. അങ്ങനെ നഗര മധ്യത്തിൽ ബാക്കിയുള്ളയിടങ്ങൾ ദിവസവും പതിനായിരക്കണക്കിന് പ്രാവുകളെ ഊട്ടുന്നു.
undefined
എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ ക്രമാതീതമായി പെരുകിയ പ്രാവുകളും അവ പുറം തള്ളുന്ന വിസർജ്യങ്ങളും ചെറുതല്ലാത്ത ഭീഷണിയാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സാൽമൊണെല്ല, ഇ കോളി, ഇൻഫ്ലുവെൻസ തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് ഇത്തരം കേന്ദ്രങ്ങൾ സഹായിക്കുന്നുണ്ട്. ആസ്തമ അടക്കമുള്ള രോഗങ്ങൾക്ക് ഇത് കാരണമാകും. ഇത് പരിഗണിച്ചാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പ്രാവുതീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നത്.
നടപടി പ്രാവുകളുടെ മാത്രമല്ല വർഷങ്ങളായി ഇത്തരം കേന്ദ്രങ്ങളിൽ തീറ്റ വില്ക്കുന്നവരുടെയും അന്നം മുട്ടിക്കും. ശുചിത്വം ഉറപ്പാക്കി ഭീഷണി മറികടക്കണമെന്നാണ് 9 വർഷമായി തീറ്റ വിൽക്കുന്ന ജിൽനിയുടെ അപേക്ഷ. പെട്ടെന്നൊരു ദിവസം തീറ്റ നിർത്തിയാൽ ഈ പ്രാവുകളൊക്കെ എവിടെ പോകുമെന്ന് നാട്ടുകാരും ദില്ലിയിലെത്തുന്ന സഞ്ചാരികളും ചോദിക്കുന്നു. അടച്ചുപൂട്ടാനുള്ള നടപടികളെ കുറിച്ച് എംസിഡി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആലോചന പുരോഗമിക്കുകയാണ്.