ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു; ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

By Web Team  |  First Published Oct 13, 2024, 3:21 PM IST

ദുർഗാ പൂജ ആഘോഷത്തിനിടെ ഭാര്യ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഭർത്താവ് പ്രകോപിതനാകുകയായിരുന്നു. 


അ​ഗർത്തല: സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ 51കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയോടൊപ്പമല്ല താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 

രണ്ട് ആൺമക്കൾക്കൊപ്പം മധുപൂരിലാണ് പ്രതി താമസിക്കുന്നത്. ഭാര്യ പടിഞ്ഞാറൻ ത്രിപുരയിലെ നേതാജി നഗറിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഞായറാഴ്ച, ദുർഗാ പൂജ ആഘോഷത്തിനിടെ ഭാര്യ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട ഭർത്താവ് പ്രകോപിതനാകുകയും ഭാര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

undefined

അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് വെസ്റ്റ് ത്രിപുര എസ്പി കിരൺ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 

READ MORE: കടലും കായലും ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു; കാണാതായ പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

click me!