10, 12 ക്ലാസ്സുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി, ദില്ലി സർക്കാരിന്‍റെ തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ

By Web Team  |  First Published Nov 19, 2024, 10:51 AM IST

10, 12  ക്ലാസ് വിദ്യാർത്ഥികളുടെ ശ്വാസകോശം മറ്റ് വിദ്യാർത്ഥികളുടേതിൽ നിന്ന് വ്യത്യസ്തമല്ല. അതിനാൽ ക്ലാസ്സുകൾ നിർത്തിവെയ്ക്കാൻ നിർദേശം നൽകണമെന്ന ഹർജി സുപ്രിംകോടതിയുടെ പരിഗണനക്കെത്തിയിരുന്നു. 


ദില്ലി: ദില്ലിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മലിനീകരണ തോത് കൂടിയതും സുപ്രിംകോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓണ്‍ലൈനാക്കി. ദില്ലി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു. ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്കൂളുകൾ അടച്ച് പഠനം ഓണ്‍ലൈനിലേക്ക് മാറിയത്. 

ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലാണ്. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. മലിനീകരണം കൂടിയ സാഹചര്യത്തിൽ ഇന്നലെ മുതൽ ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. 

Latest Videos

undefined

മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് സുപ്രിംകോടതി ഇന്നലെ ആരാഞ്ഞു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകി. അതിനിടെ ഹർജിക്കാരൻ 10, 12 ക്ലാസ്സുകൾ ഓണ്‍ലൈനാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. 10, 12  ക്ലാസ് വിദ്യാർത്ഥികളുടെ ശ്വാസകോശം മറ്റ് വിദ്യാർത്ഥികളുടേതിൽ നിന്ന് വ്യത്യസ്തമല്ല. അതിനാൽ ക്ലാസ്സുകൾ നിർത്തിവെയ്ക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. തുടർന്ന് എല്ലാ സ്കൂളുകളിലും 12ാം ക്ലാസ് വരെ പൂർണമായി ഓണ്‍ലൈനാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകുകയായിരുന്നു. 

അതേസമയം മലിനീകരണ തോത് കൂടുന്നതിൽ കേന്ദ്ര സർക്കാരിനെ പഴിക്കുകയാണ് ദില്ലി സർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി ആതിഷി കുറ്റപ്പെടുത്തി. 


വായു മലിനീകരണം മൂലം ഉണ്ടാകാവുന്ന ഏഴ് ആരോ​ഗ്യപ്രശ്നങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!