'ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ ചൈന? ആപ്പിള്‍ ഫോണ്‍ നിര്‍മാണം അട്ടിമറിക്കാന്‍?' സംശയിച്ച് കേന്ദ്ര സര്‍ക്കാര്‍

By Web Team  |  First Published Nov 1, 2023, 10:34 AM IST

അന്വേഷണത്തോട് സഹകരിക്കണമെന്ന് ആപ്പിള്‍ കമ്പനിക്ക് നോട്ടീസ് നല്‍കി


ദില്ലി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിവാദത്തിൽ ചൈനീസ് കമ്പനികളുടെ ഇടപെടൽ സംശയിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ആപ്പിൾ ഫോൺ നിർമാണം അട്ടിമറിക്കാനെന്നാണ് സർക്കാർ സംശയിക്കുന്നത്. സുരക്ഷാ സന്ദേശങ്ങള്‍ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഫോണ്‍ ചോര്‍ത്തുന്നതായുള്ള സന്ദേശം ലഭിച്ചെന്ന് ഇന്നലെയാണ് മഹുവ മൊയ്ത്ര, ശശി തരൂര്‍, അഖിലേഷ് യാദവ്, പവന്‍ ഖേര  തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. ആപ്പിളില്‍ നിന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചെന്നാണ് നേതാക്കള്‍ പറഞ്ഞത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്നും സർക്കാരിന്‍റെ  ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു. പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. 

Latest Videos

ആപ്പിള്‍ ഫോണുകള്‍ സുരക്ഷിതമാണെന്ന് കമ്പനി തന്നെ അവകാശപ്പെട്ടതാണെന്നും പിന്നെ എന്തുകൊണ്ട് മുന്നറിയിപ്പ് വന്നുവെന്ന് കമ്പനി വിശദീകരിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പിള്‍ കമ്പനിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. 

പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സന്ദേശം പോയിട്ടുണ്ടെന്ന് കേന്ദ്രം വിലയിരുത്തി. 150ഓളം രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സന്ദേശം പോയിട്ടുണ്ടെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഇന്ത്യയില്‍ ആപ്പിള്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇടത് തടയാന്‍ ചൈനീസ് കമ്പനികളുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചത്.

'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗ്' ഫോണും ഇമെയിലും കേന്ദ്രം ചോർത്തിയെന്ന് ശശി തരൂരും മഹുവ മൊയ്ത്രയും

ചോർത്തൽ ഭീഷണി സന്ദേശങ്ങൾ ചിലപ്പോൾ തെറ്റായ മുന്നറിയിപ്പുകളാകാമെന്നും അല്ലെങ്കില്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച് വിവരം നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.

150 രാജ്യങ്ങളില്‍ ഇത്തരം മുന്നറിയിപ്പ് പോയെന്നും പ്രതിപക്ഷത്തിന്‍റേത് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം. ആപ്പിളിനോടും സഹകരിക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

 

click me!