ഫോണ്‍ ചോര്‍ത്തല്‍ വിവാദം; 'ഭീഷണി സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാം' വിശദീകരണവുമായി ആപ്പിള്‍

By Web Team  |  First Published Oct 31, 2023, 3:12 PM IST

ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.


ദില്ലി: പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ആപ്പില്‍ കമ്പനി. ചോർത്തൽ ഭീഷണി സന്ദേശങ്ങൾ ചിലപ്പോൾ തെറ്റായ മുന്നറിയിപ്പുകളാകാമെന്നും അല്ലെങ്കില്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.
തന്‍റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഐഫോണുകളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ചോര്‍ത്തല്‍ ഭീഷണി സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രതിക്ഷ നേതാക്കള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ആപ്പിള്‍ കമ്പനിയുടെ ഐഫോണുകളിലാണ് ഭീഷണി സന്ദേശമെത്തിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി. ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത്. അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ്. ജയമോ, പരാജയമോ എന്നതല്ല പോരാടുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. 150 രാജ്യങ്ങളില്‍ ഇത്തരം മുന്നറിയിപ്പ് പോയെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രതിപക്ഷത്തിന്‍റേത് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം. ആപ്പിളിനോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Latest Videos

ഫോൺ ചോർത്തൽ: 'സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമം', അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

click me!