ഒരാഴ്ചയായി തുടർച്ചയായി എണ്ണക്കമ്പനികൾ വില കൂട്ടുകയാണ്. സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന നീക്കം. തുടർച്ചയായി വില കൂട്ടിയതോടെ വിപണിയിൽ വിലക്കയറ്റം വരാനും സാധ്യത ഏറി.
ദില്ലി: രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപയാണ്. ഡീസലിന് 3.81 രൂപയും. ഏതാണ്ട് നാല് രൂപയോളം ഒരാഴ്ചയ്ക്കകം ഇന്ത്യയിൽ കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ‍് ഓയിലിന്‍റെ വില താഴ്ന്ന് തന്നെയാണെന്നതാണ് ശ്രദ്ധേയം. ഇതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നതും. തുടർച്ചയായി വില കൂട്ടിയതോടെ വിപണിയിൽ വിലക്കയറ്റം വരാനും സാധ്യത ഏറുന്നു.
കൊവിഡ് പ്രതിസന്ധിക്കിടെ ഡിമാന്‍റ് കുറഞ്ഞതോടെ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തി. ബാരലിന് വെറും 20 ഡോളറെന്ന അവിശ്വസനീയമായ വിലക്കുറവിലേക്ക് എത്തി. എന്നാൽ ഒരു പൈസ പോലും ജനങ്ങൾക്ക് നേട്ടമുണ്ടായില്ല. പിന്നീട് രാജ്യാന്തര വിപണിയിൽ എണ്ണവില അൽപം കൂടി. പിന്നെ വൈകിയില്ല, 80 ദിവസത്തിന് ശേഷം രാജ്യത്തെ എണ്ണക്കമ്പനികൾ യോഗം ചേർന്നു, നിരക്ക് കൂട്ടാൻ തീരുമാനിച്ചു. ഇന്നേക്ക് തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
undefined
എന്നാൽ എണ്ണക്കമ്പനികൾ മാത്രമല്ല, ഈ വില കൂടുന്നതിന് കാരണം. കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ നികുതിഘടന ഇതിൽ ഒരു പ്രധാനഘടകമാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് വിപണി എത്തിക്കുമ്പോൾ ചിലവ് കഴിഞ്ഞുള്ള നിരക്ക് 28 രൂപ 50 പൈസയാണെന്ന് കരുതുക. എന്നാൽ ഇതിനൊപ്പം 22.98 രൂപ കേന്ദ്രം എക്സൈസ് തീരുവയായി ഈടാക്കും, 14.85 രൂപ സംസ്ഥാന നികുതി, ചരക്ക് കൂലി, ഒപ്പം പമ്പ് ഉടമകളുടെ കമ്മീഷനായ 3.54 രൂപ - ഇതൊക്കെ ചേർക്കുമ്പോൾ 69 രൂപ 87 പൈസ വരെയെത്തും നിരക്ക്. ഇങ്ങനെയാണ് പെട്രോളിനും ഡീസലിനും അന്തിമ വില നിശ്ചയിക്കുന്നത്. ഈ വർഷം തന്നെ രണ്ട് തവണയാണ് കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയത്.
മാർച്ച് 14-ന് അസംസ്കൃത എണ്ണവില ബാരലിനു 35 ഡോളറായിരുന്നു. വിലയിടിവിന് ആനുപാതികമായി ഗുണം ജനത്തിന് കിട്ടിയില്ല. മാത്രമല്ല കേന്ദ്രസർക്കാർ മാർച്ച് 10-ന് എക്സൈസ് തീരുവ മൂന്നു രൂപ കൂട്ടി. പിന്നീടു മേയ് ആറിനു പെട്രോളിന് 10 രൂപയും ഡീസലിനു 13 രൂപയും വീതം തീരുവ വീണ്ടും കൂട്ടി. കേന്ദ്രം നികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങളും വിട്ട് വീഴ്ചക്ക് തയ്യാറാകില്ല.
രാജ്യാന്തര വിപണിയിൽ ബാരലിന് 38 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ നിരക്ക്. നമ്മുടെ രാജ്യത്ത് 86% ഇന്ധനവും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ രാജ്യാന്തരവിപണിയിലെ കുറവിന് ആനുപാതികമായ ഗുണം സാധാരണക്കാരന് കിട്ടുന്നില്ല. എക്സൈസ് തീരുവ കൂട്ടിയും, അടിസ്ഥാന വില കൂട്ടിയും ജനങ്ങൾക്ക് ലഭിക്കേണ്ട ഇളവ് സർക്കാരുകളും, എണ്ണക്കമ്പനികളും തട്ടിമാറ്റുകയാണ്. 2014 മെയ് മുതൽ 2020 മാർച്ച് വരെ പെട്രോളിന് 129 ശതമാനമാണ് വില കൂടിയത്. ഡീസലിന് 430 ശതമാനവും!