പ്ലാന്റിലെ ടാങ്കുകളിലൊന്നിന്റെ വാൽവ് തകർന്നതാണ് വലിയ തോതിലുള്ള വാതക ചോർച്ചയ്ക്ക് കാരണമായത്.
ജയ്പൂർ: ജയ്പൂരിലെ വിശ്വകർമ വ്യവസായ മേഖലയിലുണ്ടായ വാതക ചോർച്ച ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന അജ്മിര ഗ്യാസ് പ്ലാന്റിലായിരുന്നു സംഭവം. ഇവിടെ കാർബൺ ഡയോക്സൈഡ് വാതകം സൂക്ഷിക്കാനായി രണ്ട് വലിയ ടാങ്കുകൾ സജ്ജീകരിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
വാതകത്തിന്റെ മർദം കാരണം വാൽവുകളിലൊന്ന് പൊട്ടിയതാണ് വലിയ വാതക ചോർച്ചയിലേക്ക് വഴിമാറിയതെന്ന് വിശ്വകർമ അസിസ്റ്റന്റ് ഫയർ ഓഫീസർ ബൻവാർ സിങ് ഹദ പറഞ്ഞു. പരിസരമാകെ വാതകം നിറഞ്ഞതോടെ കാഴ്ച പോലും അസാധ്യമായ അവസ്ഥയായിരുന്നു. എന്നാൽ അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ പ്രവർത്തനങ്ങളിലൂടെ ചോർച്ച പിന്നീട് പൂർണമായി നിയന്ത്രിക്കാൻ സാധിച്ചെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ചയാണ് ഒരു ടാങ്കിൽ വാതകം നിറച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രജേന്ദ്ര ശർമ പറഞ്ഞു. അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോൾ തന്നെ അഗ്നിശമന സേനയ്ക്കൊപ്പം പൊലീസും സ്ഥലത്തെത്തി. പ്ലാന്റിലെ പ്രധാന വാൽവ് അടച്ച് ചോർച്ച പിന്നീട് പൂർണമായി തടഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് ഏറെ നേരത്തെ പരിഭ്രാന്തിക്ക് അറുതിയായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം