ഒറ്റനോട്ടത്തിൽ യൂബർ പോലെ തോന്നിപ്പിക്കുന്ന ബ്ലൂമീറ്റർ എന്ന ആപ്ലിക്കേഷനാണത്രെ ഡ്രൈവർമാർ ഉപയോഗിക്കുന്നത്.
ബംഗളുരു: ബംഗളുരു വിമാനത്താവളത്തിൽ നിന്ന് ടാക്സി വിളിച്ച് പണി കിട്ടിയ അനുഭവം സോഷ്യൽ മീഡിയയിലൂടെ വിവരിച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. ടാക്സി സേവന ദാതാക്കളായ യൂബർ, ഒല എന്നവയുമായി സാമ്യമുള്ള മറ്റൊരു ആപ് ഉപയോഗിച്ച് യാത്രക്കാരിൽ നിന്ന് ഡ്രൈവർമാർ ഉയർന്ന തുക ഈടാക്കുന്നതായാണ് ആരോപണം. യുവാവിന്റെ പോസ്റ്റിന് പിന്നാലെ നിരവധിപ്പേർ സമാനമായ അനുഭവം പങ്കുവെച്ചിട്ടുണ്ട്.
മഹേഷ് എന്ന യാത്രക്കാരന്റെ ട്വീറ്റാണ് വൈറലായത്. പുതിയ തട്ടിപ്പ് രീതിയാണ് ഇതെന്ന് നേരത്തെ സമാന അനുഭവമുള്ളവർ പറയുന്നു. ബംഗളുരു വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ അവിടെ നിന്ന് ടാക്സിയിൽ കയറുകയായിരുന്നു. കണ്ടാൽ യൂബർ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ബ്ലൂമീറ്റർ എന്ന ആപ്പാണത്രെ ഡ്രൈവർ ഉപയോഗിച്ചത്. യാത്ര അവസാനിച്ചപ്പോൾ അധികം കൊടുക്കേണ്ടി വന്നതാവട്ടെ 1000 രൂപയും. കാര്യം അന്വേഷിച്ചപ്പോൾ അത് ജിഎസ്ടി ആണെന്ന് ആദ്യം പറഞ്ഞു. ബില്ല് ചോദിച്ചപ്പോൾ അത് അടുത്ത മാസം ഫോണിൽ ലഭിക്കുമെന്നായിരുന്നു മറുപടി. ടാക്സി ഡ്രൈവറുടെ ചിത്രവും മഹേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
undefined
തന്നെ അത്ഭുതപ്പെടുത്തിയ തട്ടിപ്പാണ് നടന്നതെന്ന് മഹേഷ് പറയുന്നു. യൂബർ പോലെ തന്നെ തോന്നിപ്പിക്കുന്ന ബ്ലൂമീറ്റർ എന്ന ആൻഡ്രോയിഡ് ആപ്പ് ഡ്രൈവർ കാണിച്ചു. വിശ്വസിപ്പിക്കാനായി അതിൽ ട്രിപ്പ് ആരംഭിക്കുകയാണെന്ന് നൽകുകയും ചെയ്തു. അവസാനം അതേ ആപ്പിൽ തന്നെ ട്രിപ്പ് അവസാനിപ്പിക്കുന്നതായി കാണിച്ച ശേഷം 1000 രൂപ അധികമുള്ള ബില്ല് കാണിച്ചു.
മറ്റ് പലരും ഇത്തരം അനുഭവമുണ്ടായതായി പറയുന്നു. തങ്ങളുടെ ഫോണിൽ ഈ തുക കാണിക്കുന്നില്ലല്ലോ എന്ന് പറയുമ്പോൾ ബില്ലിങ് സംവിധാനത്തിൽ പ്രശ്നമുണ്ടെന്നും അത് പിന്നീട് വന്നുകൊള്ളുമെന്നുമായിരിക്കും മറുപടി. ട്രിപ്പ് ആരംഭിച്ച മെസേജ് പോലും യാത്രക്കാരന്റെ ഫോണിൽ വരില്ല. സ്വന്തം നിലയ്ക്ക് നിരക്കുകൾ കൂട്ടി ക്രമീകരിക്കാൻ കഴിയുന്നതാണ് ഈ ആപ്പെന്നും പലരും പറയുന്നുണ്ട്.
എന്നാൽ യുവാവിന്റെ ആരോപണം അടിസ്ഥാനവ രഹിതമാണെന്ന് പറയുന്നവരുമുണ്ട്. യൂബർ വിളിക്കുമ്പോൾ ഫോണിൽ ട്രിപ്പ് ആരംഭിച്ചതായി സന്ദേശം ലഭിക്കാതെ യാത്ര ചെയ്യുന്നത് എന്തിനാണെന്ന് ഇവർ ചോദിക്കുന്നു. എന്നാൽ യൂബർ പിൻ ചോദിച്ച ശേഷം ട്രിപ്പ് ആരംഭിച്ചെന്ന് പറയുകയും അത് നിങ്ങളുടെ ഫോണിൽ കിട്ടാത്തത് ബില്ലിങ് സംവിധാനത്തിലെ പിശകാണെന്നും പിന്നീട് വന്നുകൊള്ളുമെന്നും പറഞ്ഞ് പറ്റിക്കപ്പെട്ടവരും തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം