ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകത്തിൽ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
അതേസമയം, ഷാജഹാന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി തള്ളുകയാണ്. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ച് വയ്ക്കാനാണ് ബിജെപിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. പ്രതികളുടെ സിപിഎം അനുകൂല സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവച്ചാണ് സിപിഎം പ്രചാരണത്തിനെതിരെ ബിജെപി രംഗത്തെത്തിരിക്കുന്നത്. ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിനും സിപിഎം ആരോപണങ്ങൾക്കും പിന്നാലെയാണ് ബിജെപി മറുപടിയുമായി രംഗത്തെത്തിയത്.
Also Read: സർക്കാരിൻ്റെ കൈയിലുള്ളതിലും വലിയ ആയുധ ശേഖരം സിപിഎമ്മിനുണ്ട്; ഷാജഹാൻ വധത്തിൽ വിമർശനവുമായി കെ.സുധാകരൻ
ഇന്നലെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആഎസ്എസാണ് കൊലപ്പെടുത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാല്‍, ആരെയും പഴി ചാരാൻ ഇല്ലെന്നായിരുന്നു എ കെ ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ആദ്യം അറിയിച്ചത്. ഷാജഹാനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു എന്ന് പറഞ്ഞ മലമ്പുഴ എംഎൽഎ എ പ്രഭാകരനും പ്രസ്താവന തിരുത്തി. എന്നാൽ, ഇന്നുച്ചയോടെ ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രഖ്യാപിച്ചു. ഈ വൈരുദ്ധ്യങ്ങളാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
Also Read: പാലക്കാട് കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; കേസിൽ 8 പ്രതികൾ