ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പിന്നിൽ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ് 

By Sivanand C VFirst Published Oct 26, 2024, 8:14 AM IST
Highlights

നാഗിൻ പോസ്റ്റിന് സമീപം സൈനിക വാഹനത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. 

ദില്ലി: ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. ഒക്‌ടോബർ 24നാണ് ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നത്. 

നാഗിൻ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. റൈഫിൾമാൻ കൈസർ അഹമ്മദ് ഷാ, റൈഫിൾമാൻ ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഷ്താഖ് ചൗധരി, സഹൂർ അഹമ്മദ് മിർ എന്നിവർ ചുമട്ടുതൊഴിലാളികളായിരുന്നു.

Latest Videos

സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതോടെ ആയുധങ്ങൾ ഉപേക്ഷിച്ച് ഭീകരർ വനത്തിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വെളിച്ചക്കുറവിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണമെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തിരുന്നു.  

അതേസമയം, കശ്മീർ താഴ്‌വരയിലെ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ ഡിവിഷനിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ലെഫ്.ജനറൽ രാജ്ഭവനിൽ യോഗം ചേർന്നിരുന്നു. ഡിജിപി നളിൻ പ്രഭാത്, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകർ ഭാരതി എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. എല്ലാ സുരക്ഷാ സേനകളുടെയും ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗവും നടന്നിരുന്നു. 

READ MORE: ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍, മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേൽ

click me!