
ദില്ലി:പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ ഭീകര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ. ജമ്മു കശ്മീരിൽ ഭീകരര്‍ക്കായി രാത്രിയിലും സൈന്യം വ്യാപക തെരച്ചിലാണ് നടത്തുന്നത്. നേരത്തെ ആരംഭിച്ച തെരച്ചിൽ കൂടുതൽ വ്യാപമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുന്നത്.
തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. സൈന്യത്തിന്‍റെ തെരച്ചിലിന് പുറമെ കശ്മീരിലും പഞ്ചാബിലും എന്‍ഐഎ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ആയുധക്കടത്തടക്കം സംശയിച്ചാണ് എന്‍ഐഎയുടെ പരിശോധന. ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി. കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും.
അതേസമയം,പഹല്‍ ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി ആരംഭിച്ചുകൊണ്ട് ബന്ദിപോരയില്‍ ലഷ്കക്കര്‍ ഇ തയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു. പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ഇന്ത്യ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാട് കടുപ്പിച്ചു. ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകളാണ് കഴിഞ്ഞ രാത്രി തകര്‍ത്തത്. ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു.
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്‍കി. മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ചക്കുള്ളില്‍ നാടുവിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് രണ്ട് ദിവസം കൂടി തുടരാം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തി.
നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ, വീടുകളിൽ എന്‍ഐഎ പരിശോധനപാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹൃസ്വകാല ദീര്‍ഘകാല പദ്ധതികള്‍ തയ്യാറായിട്ടുണ്ട്.പഞ്ചാബ് അതിർത്തിയില്‍ പിടികൂടിയ ബിഎസ്എഫ് ജവാന്‍റെ തുടര്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതിലും ഇന്ത്യ കടുത്ത അതൃപ്ചി അറിയിച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ മോശമാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സാഹചര്യം ഇനി വഷളായിക്കൂടെന്ന് യുഎന്‍ വക്താവ് സ്റ്റെഫയിന്‍ ഡ്യുജാറക്ക് പറഞ്ഞു.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ രണ്ട് പേരുടെ കൂടി രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. മൂന്ന് പേരുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ നിയമസഭ പ്രത്യേകം സമ്മേളിക്കും. കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയേയും കണ്ട് ഭീകരാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ രാഹുല്‍ തേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam