
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കറിനൊപ്പമാണ് അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു. പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച.
ഇതിനിടെ, പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വിവിധ രാജ്യങ്ങളോട് വിശദീകരിക്കുന്നതിനായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തുകയാണ് ഇന്ത്യ. യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ എത്തി.
ആക്രമണത്തിലെ പാകിസ്ഥാന്‍റെ പങ്ക് വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരോട് വിശദീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. അതേസമയം, പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗർ സന്ദർശിക്കും. നാളെ ബൈസരൻ താഴ്വരയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam