
ശ്രീനഗർ: പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ ഭീകരരെ ധൈര്യപൂർവ്വം നേരിട്ട കുതിരക്കാരനും. അപ്രതീക്ഷിത ആക്രമണത്തിൽ വിനോദ സഞ്ചാരികൾ പകച്ചു നിന്നപ്പോൾ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന കുതിരക്കാരൻ ഭീകരന്‍റെ റൈഫിൾ തട്ടിമാറ്റാൻ ശ്രമിച്ചു. തുടർന്ന് വെടിയേറ്റ് മരിച്ച ആ യുവാവ് കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു.
പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് ഓടിയൊളിക്കാൻ പോലും കഴിയാത്ത സമതലത്തിലേക്ക് ഇരച്ചെത്തിയ ഭീകരർ വെടിയുതിർത്തത്. സയ്യിദ് ആദിൽ ഹുസൈൻ ഷാ തന്നാൽ കഴിയും വിധം ഒരു ഭീകരനെ നേരിട്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭീകരന്‍റെ കയ്യിലെ തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഭീകരൻ ഷായ്ക്ക് നേരെ വെടിയുതിർത്തു കഴിഞ്ഞിരുന്നു.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- "ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന് അറിഞ്ഞത്. എന്‍റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം"- താവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.
ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- "കുതിരയെ മേച്ച് അവൻ കുടുംബത്തിനെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല"- ഷായുടെ മാതാവ് പറഞ്ഞു.
മരണം 26 ആയി
രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്ര, കേരളം, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.
ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ദില്ലിയിൽ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നുമാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തിൽ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
'സമാധാനം പുലരണം'; ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങി കശ്മീർ ജനത, കറുപ്പണിഞ്ഞ് കശ്മീരിലെ പത്രങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam