
ബെംഗളൂരു: പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ കർണാടക സ്വദേശികളുടെ മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചു. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗ്ഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി സോമണ്ണ അടക്കമുള്ള നേതാക്കൾ ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി. ഭരത് ഭൂഷന്റെ സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരു ഹെബ്ബാൾ ശ്മശാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ മഞ്ജുനാഥ റാവുവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും.
കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ശിവമോഗ്ഗ വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ആക്രമണം നടന്നതിന് തലേന്ന് രാവിലെയാണ് എത്തിയത്. ഭാര്യക്കും മകനും മുന്നിൽ വെച്ചാണ് പഹൽഗാമിൽ അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഭീകരാക്രമണം നടന്നതിനും നാല് ദിവസം മുൻപാണ് ഭരത് ഭൂഷൻ കുടുംബത്തോടൊപ്പം അവിടെയെത്തിയത്. സംഭവ ദിവസം തിരികെ മടങ്ങേണ്ടതായിരുന്നു. ബെംഗളൂരു ജാലഹള്ളിയിൽ ഒരു ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam