ആശുപത്രിയില്‍ ഇടം ലഭിക്കാതെ പോയ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി ദില്ലിയിലെ 'ഓക്സിജന്‍ ലാംഗര്‍'

By Web Team  |  First Published May 7, 2021, 3:46 PM IST

ഗുരുതരാവസ്ഥയില്‍ നിരവധി ആശുപത്രികളിലെത്തിയിട്ടും ഇടം ലഭിക്കാതെ വന്ന രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍, കോണ്‍സെന്‍ട്രേറ്റേഴ്സ്, മാസ്ക് എന്നിവയാണ് ഇവിടെ ലഭിക്കുന്നത്. രോഗത്തിന്‍റെ തീവ്രതയില്‍ കുറവ് അനുഭവപ്പെടുന്നത് വരെ ഓക്സിജന്‍ നല്‍കുകയാണ് ദില്ലി ഗുരുദ്വാരയിലെ ഈ ഓക്സിജന്‍ ലാംഗര്‍. 


ദില്ലി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ആശ്വാസമായി ദില്ലിയിലെ ഓക്സിജന്‍ ലാംഗര്‍. ദില്ലിയില്‍ കൊവിഡ് രൂക്ഷമായതിന് പിന്നാലെയാണ് ഖാല്‍സ സഹായത്തിന്‍റെ ഭാഗമായി ഓക്സിജന്‍ ലാംഗര്‍ ആരംഭിക്കുന്നത്. ആശുപത്രികളിലും മറ്റും കിടക്ക പോലും ലഭിക്കാതെ ജീവശ്വാസത്തിനായി ക്ലേശിക്കുന്നവരാണ് ഈ ലാംഗറില്‍ എത്തുന്നത്. രോഗത്തിന്‍റെ തീവ്രതയില്‍ കുറവ് അനുഭവപ്പെടുന്നത് വരെ ഓക്സിജന്‍ നല്‍കുകയാണ് ദില്ലി ഗുരുദ്വാരയിലെ ഈ ഓക്സിജന്‍ ലാംഗര്‍.

ഗുരുതരാവസ്ഥയില്‍ നിരവധി ആശുപത്രികളിലെത്തിയിട്ടും ഇടം ലഭിക്കാതെ വന്ന രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍, കോണ്‍സെന്‍ട്രേറ്റേഴ്സ്, മാസ്ക് എന്നിവയാണ് ഇവിടെ ലഭിക്കുന്നത്. താല്‍ക്കാലികമായി ഒരുക്കിയ ടെന്‍റുകളില്‍ ഫാനും കൂളറും സ്ഥാപിച്ചിട്ടുണ്ട്. 30 കിടക്കകളാണ് ഗുരുദ്വാരയിലുള്ളത്. എന്നാല്‍ 70 രോഗികള്‍ വരെയാണ് ദിവസവും ഇവിടെയെത്തുന്നത്. ആരെയും മടക്കി അയക്കാറില്ലെന്നാണ് ഖല്‍സ ഹെല്‍പിന്‍റെ സ്ഥാപക അംഗങ്ങളിലൊരാളും ഗുരുദ്വാര കമ്മിറ്റി പ്രസിഡന്‍റുമായ ഗുര്‍പ്രീത് സിംഗ് റമ്മി പറയുന്നു.

Latest Videos

undefined

സിഖ് സമുദായങ്ങളില്‍ നിന്ന് മാത്രമല്ല ഇതിനായി സഹായം ലഭിക്കുന്നതെന്നും നിരവധി സംസ്ഥാനങ്ങളും ഖല്‍സ ഹെല്‍പിനെ സഹായിക്കുന്നുണ്ട്. കിടക്കകള്‍ നിറയുമ്പോള്‍ ടെന്‍റുകളില്‍ കസേരകളിലും ഓക്സിജന്‍ ലഭ്യമാക്കുന്ന കൊവിഡ് രോഗികളുമുണ്ട്. കുറച്ച് ഭേദമായെന്ന് തോന്നുമ്പോള്‍ ചിലര്‍ മടങ്ങിപ്പോവുന്നുണ്ട്. എല്ലാവര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ചിലര്‍ രോഗം മൂര്‍ച്ഛിച്ച് മരണപ്പെടുന്നുണ്ടെന്നും ഗുര്‍പ്രീത് സിംഗ് റമ്മി പറയുന്നു.

ലാംഗറില്‍ എത്തുന്നവരില്‍ 10 രോഗികള്‍ ഗുരുതരാവസ്ഥയിലാണ് എത്തുന്നത്. ഹരിദ്വാര്‍, ഹരിയാന അടക്കമുള്ള ഇടങ്ങളില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ ഇവിടേക്ക് എത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന കൊവിഡ് രോഗിക്ക് ഒരുമിനിറ്റിനുള്ളില്‍ ഓക്സിജന്‍ സഹായം ലഭ്യമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുരുദ്വാര പ്രതിനിധികള്‍ പറയുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!