ഗാസിയാബാദിലെ നന്ദഗ്രാം സെക്ടർ സിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ബക്ക് വീറ്റ് പൊടി കൊണ്ട് നിർമ്മിച്ച പലഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധ. ബക്ക് വീറ്റ് പൊടി പാക്കറ്റുകൾ സീൽ ചെയ്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ
ഗാസിയാബാദ്: നവരാത്രിയോട് അനുബന്ധിച്ച് വ്രതം അനുഷ്ടിക്കാനായി ബക്ക് വീറ്റ് പൊടി കൊണ്ട് ഉണ്ടാക്കിയ പലഹാരം കഴിച്ച 50 ലേറെ പേർ ആശുപത്രിയിൽ. ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ നന്ദഗ്രാം സെക്ടർ സിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ബക്ക് വീറ്റ് പൊടി കൊണ്ട് നിർമ്മിച്ച പലഹാരം കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. വ്യാഴാഴ്ച രാത്രിയാണ് 50 ലേറെ പേർ ശർദ്ദിയും കടുത്ത വയറുവേദനയുമായി വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
ഇവരിൽ മിക്കവരും ബക്ക് വീറ്റ് കൊണ്ടുള്ള പൂരിയാണ് കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കാൻ കിടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ടാണ് മിക്കവരും ചികിത്സ തേടിയത്. ചിലർക്ക് കാലുകളിലെ സ്പർശന ശേഷി അടക്കം നഷ്ടമായെന്ന തോന്നലും പ്രകടിപ്പിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ കടയിൽ നിന്നുള്ള ബക്ക് വീറ്റ് പൊടിയുടെ മുഴുവൻ പാക്കറ്റുകളും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. കിരാന മണ്ഡിയിൽ പ്രവർത്തിക്കുന്ന ബക്ക് വീറ്റ് ഹോൾസെയിൽ ഡീലറോട് ബക്ക് വീറ്റ് പൊടി എവിടെ നിന്നാണ് ശേഖരിച്ചതെന്ന് വിശദമാക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്.
കുട്ടു കാ ആട്ട എന്ന പേരിൽ അറിയപ്പെടുന്ന ബക്ക് വീറ്റ് സാധാരണ വ്രതം അനുഷ്ഠിക്കുന്ന സമയത്താണ് ഉപയോഗിക്കാറ്. വ്രതം അനുഷ്ഠിച്ച ശേഷം ഗ്ലൂട്ടൻ അടങ്ങാത്ത ഭക്ഷണവും പോഷകങ്ങൾ ഏറെയുള്ള ഭക്ഷണ പദാർത്ഥം എന്ന രീതിയിലാണ് ബക്ക് വീറ്റ് വ്രതം ആചരിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാവുന്നത്. നേരത്തെ മാർച്ച് മാസത്തിൽ സമാന സംഭവം മോദിനഗറിലും മുരാദ് നഗറിലും റിപ്പോർട്ട് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം