മോദി പോലും ആർഎസ്എസിന് വില നൽകുന്നില്ല, പിന്നെ മറ്റുള്ളവരെന്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു
ദില്ലി: ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരാമർശം ആയുധമാക്കി പ്രതിപക്ഷം രംഗത്ത്. ആർഎസ്എസ് മോദിയുമായും ബിജെപിയുമായും ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. അഹങ്കാരികളായ ബിജെപിക്കാരെ ആർഎസ്എസ് അധികാരത്തിൽനിന്ന് പുറത്താക്കുമെന്നാണ് വിശ്വാസമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. മോദി പോലും ആർഎസ്എസിന് വില നൽകുന്നില്ല, പിന്നെ മറ്റുള്ളവരെന്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ഇന്ദ്രേഷ് കുമാർ പറഞ്ഞത് പാതി സത്യമെന്ന് പ്രതികരിച്ച ആര്‍ജെഡി, ഇന്ത്യ സഖ്യത്തെ രാമദ്രോഹികളാക്കാനുള്ള ശ്രമം തെറ്റാണെന്നും വിമര്‍ശിച്ചു.
രാജസ്ഥാനിലെ ജയ്പൂരിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പാർട്ടിയുടെയും നേതാക്കളുടെയും പേരെടുത്ത് പറയാതെയുള്ള ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമർശനം. രാമനിൽ വിശ്വാസമില്ലാത്തവരെ ജനം 234 സീറ്റിൽ ഒതുക്കി, രാമനിൽ വിശ്വാസമുള്ള എന്നാൽ അഹങ്കരിച്ച ഏറ്റവും വലിയ പാർട്ടിയെ ദൈവം 241 ൽ നിർത്തിയെന്നാണ് പരാമർശം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിവിധ സംസ്ഥാനങ്ങളിൽ തിരിച്ചടിയേറ്റതിന് കാരണം ആർഎസ്എസുമായി ബിജെപി നേതൃത്വം ഇടഞ്ഞതാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. നേതാക്കളാരും ഇക്കാര്യം പരസ്യമായി പറഞ്ഞില്ലെങ്കിലും പ്രസ്താവനകളിലൂടെ പലതും വ്യക്തമാവുകയാണ്.