ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേരള നിയമസഭയുടെ കാലാവധി കുറയ്ക്കേണ്ടി വരും, അവസാന നീക്കങ്ങളിലേയ്ക്ക് കേന്ദ്രം

By Web Team  |  First Published Dec 17, 2024, 12:42 PM IST

ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ കേരളം ഉൾപ്പെടെയുള്ള ചില നിയമസഭകളുടെ കാലാവധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടി വരും.


ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനുള്ള അവസാന നീക്കങ്ങളിലേയ്ക്ക് കടന്ന് കേന്ദ്രസർക്കാർ. ഒരേസമയം ലോക്‌സഭ, സംസ്ഥാന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ എന്ന ആശയം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. പല സമയങ്ങളിലായി നടക്കുന്ന തെരഞ്ഞടുപ്പുകളുടെ ചെലവുകൾ കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. 

മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെ നിയമം നടപ്പിലാക്കാനുള്ള അവസാന നീക്കത്തിലാണ് കേന്ദ്രസർക്കാർ. 2029ൽ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് സമിതിയുടെ ശുപാർശ. ആദ്യ ഘട്ടത്തിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കും. അടുത്ത ഘട്ടത്തിൽ മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ സാധിക്കൂ. ഇതിനായി പൊതുവോട്ടർ പട്ടിക തയ്യാറാക്കണം. 

Latest Videos

undefined

ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ചില നിയമസഭകളുടെ കാലാവധി കൂട്ടുകയോ ചിലതിന്റേത് കുറയ്ക്കുകയോ ചെയ്യേണ്ടി വരും. 2026ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം പോലെയുള്ള ചില സംസ്ഥാനങ്ങളുടെ നിയമസഭകളുടെ കാലാവധി ഇതിനായി കുറയ്ക്കേണ്ടി വരും. ആകെ 18 ഭരണഘടനാ ഭേദഗതികളാണ് തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാൻ ആവശ്യമായുള്ളത്. ഇതിൽ രണ്ടെണ്ണത്തിന് സംസ്ഥാനങ്ങളുടെ അംഗീകാരം വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മത്സരം ഒന്നിച്ചാക്കാനാണ് പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം വേണ്ടത്. 

ലോക്സഭയിൽ ഭരണഘടന ഭേദഗതി പാസാക്കാൻ 362 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. സർക്കാർ ഇപ്പോൾ കൊണ്ടുവരുന്ന ബില്ലിൽ ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കുന്നുണ്ട്. ഭരണഘടനയിലെ 82 എ അനുച്ഛേദത്തിൽ രണ്ട് ഉപവകുപ്പുകൾ കൂടി ചേർക്കാനുള്ള നിർദ്ദേശങ്ങൾ ബില്ലിൽ ഉണ്ടാകും. പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി ഒന്നിച്ച് അവസാനിപ്പിക്കാനുള്ള വ്യവസ്ഥയാകും ഇതിനായി എഴുതിച്ചേർക്കുക. എംപിമാരുടെ സംഖ്യ തന്നെയാണ് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാകാൻ പോകുന്നത്. ലോക്സഭയിൽ ബില്ല് പാസാക്കാൻ 362 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ എൻഡിഎയ്ക്ക് 297 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതിനാൽ പല പ്രതിപക്ഷ പാർട്ടികളെയും ഒപ്പം കൂട്ടേണ്ടി വരും. ടിഎംസി, ഡിഎംകെ എന്നീ രണ്ട് പാർട്ടികളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യാഥാർത്ഥ്യമാക്കാൻ ഭരണപക്ഷത്തിന് സാധിക്കൂ. അതിനാൽ ഇപ്പോൾ ഈ ബില്ല് കൊണ്ടുവരുന്നത് ചർച്ചയ്ക്ക് വേണ്ടി മാത്രമാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. 

READ MORE: പലസ്തീന് ഐക്യദാർഢ്യം; ഇസ്രായേലിനെ ആക്രമിച്ച് ഹൂതികൾ, 'പലസ്തീൻ 2' ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു

click me!