ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സംയുക്ത പാർലമെൻ്ററി സമിതിയെ പിപി ചൗധരി നയിക്കും, പ്രിയങ്ക ഗാന്ധിയും അംഗം

By Web Team  |  First Published Dec 18, 2024, 10:24 PM IST

ലോക് സഭ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പരിശോധിക്കുന്നതിനുള്ള പാർലമെൻ്ററി സമിതി അംഗങ്ങളെ നിശ്ചയിച്ചു


ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയായി. 21 അംഗങ്ങളാണ് ലോക്സഭയിൽ നിന്ന് സമിതിയലുള്ളത്. 10 പേർ രാജ്യസഭയിൽ നിന്നാണ്. ബിജെപി എംപിയായ പിപി ചൗധരിയാണ് സമിതിയുടെ ചെയർമാൻ. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സമിതിയിൽ അംഗമാണ്.

ലോക് സഭ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലുമാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകള്‍ മാത്രമാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടത്തി. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു. ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബില്ല് അവതരിപ്പിക്കുകയായിരുന്നു.

Latest Videos

undefined

ബില്ലിന് മേലുള്ള ചർച്ചയിൽ അതിരൂക്ഷമായ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചു. നിയമസഭകളെ നോക്കുകുത്തിയാക്കി, സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം ഒരേ സ്വരത്തില്‍ പറഞ്ഞു. സാമ്പത്തിക ലാഭം, വോട്ടിംഗ് ശതമാനം ഉയര്‍ത്തും തുടങ്ങിയ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ടിഡിപി, ശിവസേന ഷിന്‍ഡേ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. ബില്ല് ജെപിസിക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നും, പ്രധാനമന്ത്രിയും അക്കാര്യമാണ് താല്‍പര്യപ്പെടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

ബില്ല് സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടുന്നതിന് പ്രമേയം അവതരിപ്പിച്ചിരുന്നില്ല. അംഗങ്ങളെ നിശ്ചയിച്ച ശേഷം പ്രമേയം അവതരിപ്പിക്കുമെന്ന് നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഭരണഘടന ഭേദഗതില്‍ ബില്‍ പാസാകാന്‍ 307 പേരുടെ പിന്തുണ വേണമെന്നിരിക്കേ ഇപ്പോഴത്തെ സംഖ്യയില്‍ ബില്‍ പാസാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലൂടെ  വ്യക്തമായി. ബില്ല് സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള കേന്ദ്രസർക്കാരിൻ്റെ അനുകൂല നിലപാടിൻ്റെ കാരണവും ഇതായിരുന്നു.

click me!