1965 ലെ ഇന്തോ-പാക് യുദ്ധത്തിനിടെയാണ് ഇന്ത്യൻ ആർമിയിലെ ഹവിൽദാർ ആയിരുന്ന ദർശൻ ദേവിയുടെ ഭർത്താവ് മരിക്കുന്നത്. അന്ന് ദർശൻ ദേവിക്ക് 22 വയസ്സായിരുന്നു പ്രായം.
ഡെറാഡൂൺ: കൊവിഡിനെതിരെ പോരാടാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇന്തോ-പാക് യുദ്ധത്തിനിടെ മരിച്ച ഹവിൽദാറിന്റെ ഭാര്യ. ദർശൻ ദേവി എന്ന എൺപത്തി രണ്ടുകാരിയാണ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയത്. ഉത്തരാഖണ്ഡിലെ പ്രാദേശിക അധികാരികൾ വഴിയാണ് ദർശൻ ദേവി പിഎം കെയേർസ് ഫണ്ടിലേക്ക് സംഭാവന നൽകിയത്.
സംഭവന നൽകിയതിന് പിന്നാലെ ദർശൻ ദേവിയെ അഭിനന്ദിച്ചുകൊണ്ട് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് രംഗത്തെത്തി. ദർശൻ ദേവിയെക്കുറിച്ച് സേനയ്ക്ക് അഭിമാനമുണ്ടെന്നും അവരെ എല്ലാവരും മാതൃക ആക്കണമെന്നും ബിപിൻ റാവത്ത് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
"ശ്രീമതി ദർശൻ ദേവിയെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. അവരുടെ ഉത്തമ മാതൃക നമ്മളിൽ പലരും പിന്തുടരേണ്ടതുണ്ട്. നമുക്ക് സംഭാവന നൽകാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് നികുതി എങ്കിലും അടയ്‌ക്കാം, എന്നാൽ, അവ ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തരുത്"ബിപിൻ റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡിലെ കേദാർനാഥിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ദർശൻ ദേവിയുടെ താമസം. 1965 ലെ ഇന്തോ-പാക് യുദ്ധത്തിനിടെയാണ് ഇന്ത്യൻ ആർമിയിലെ ഹവിൽദാർ ആയിരുന്ന ദർശൻ ദേവിയുടെ ഭർത്താവ് മരിക്കുന്നത്. അന്ന് അവർക്ക് 22 വയസ്സായിരുന്നു പ്രായം.