തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 8,307 ൽ എത്തി.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക്. രാജ്യത്തെ അറുപത് ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ഇന്ന് ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 22,084 പേർക്കും ആന്ധ്രയില്‍ 9901 പേർക്കും കര്‍ണാടകയില്‍ 9140 പേർക്കും തമിഴ്നാട്ടില്‍ 5495 പേർക്കും ഉത്തര്‍പ്രദേശില്‍ 6846 പേർക്കുമാണ് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലും പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. 4321 പേരാണ് പുതിയതായി രോഗികളായത്.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 8307 ൽ എത്തി. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,97,066 ആയി. ഗുജറാത്തിൽ 1365 പേർക്കും ഒഡീഷയില്‍ 3777 പേർക്കും പഞ്ചാബില്‍ 2,441 പേർക്കും പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ഇന്ന് മൂവായിരത്തി അഞ്ഞൂറിലേറെ പേർക്കാണ് കൊവിഡ് ബാധിച്ചത്. കർണാടകത്തിലെ ആകെ രോഗ ബാധിതരിലെ 3552 പേരും ബംഗളുരുവിൽ നിന്നാണ്. 4,49,551 പേർക്കാണ് കർണാടകയിൽ ഇതുവരെ രോഗം ബാധിച്ചത്. ആകെ മരണം 7,161 ആയി. അതേസമയം, ദില്ലിയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 2. 14 ലക്ഷമായി.