പി.ബി. നിശ്ചയിച്ച വ്യവസ്ഥകൾ പി.ബി. തന്നെ ലംഘിക്കരുതെന്ന് ബംഗാൾ ഘടകം
മധുര: മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസിൽ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം. പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്‍റെ തീരുമാനം. കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയിൽ ഇളവ് നൽകാനുള്ള നീക്കത്തിലും ചില നേതാക്കൾ എതിർപ്പ് ഉന്നിയിച്ചിട്ടുണ്ട്.
അതേസമയം പാർട്ടി കോൺഗ്രസിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിൽ ധാരണയായെന്നുള്ളതാണ്. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസിനെ പുതുതായി ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള വാർത്തയെങ്കിൽ ഇപ്പോൾ ഇക്കാര്യത്തിൽ മാറ്റമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. റിയാസിനെ ഉൾപ്പെടുത്താനുള്ള സാധ്യത കുറയുന്നതായാണ് വിവരം. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ സി സിയിൽ ഇടം നേടുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പുത്തലത്ത് ദിനേശന്‍റെ പേരും ഏറക്കുറേ ഉറപ്പായെന്നാണ് സൂചന. യുവ നേതാക്കളായ എം സ്വരാജ്, പി കെ ബിജു, എം ബി രാജേഷ്, പി കെ സൈനബ, ടി എൻ സീമ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കണ്ടറിയണം. പി കെ ശ്രീമതിയെ പ്രായപരിധി ഇളവ് നൽകി കേന്ദ്ര സമിതിയിൽ നിലനിർത്താനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്. അതല്ലാത്ത പക്ഷം ടി എൻ സീമക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പടിയിറങ്ങുന്ന പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും സിസിയിൽ പ്രത്യേക ക്ഷണിതാക്കളാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തതായി വിവരം. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയില്‍ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം