സിസിടിവി ക്യാമറയിലൂടെ കണ്ട ഓഫീസ് മേധാവി ആദ്യം ജീവനക്കാർക്ക് നിർദേശം നൽകി. അത് വകവെയ്ക്കാതെ വന്നതോടെയാണ് നേരിട്ട് ഇറങ്ങിവന്ന് ഇടപെട്ടത്.
ന്യൂഡൽഹി: പല ആവശ്യങ്ങൾക്കായി നിരവധിപ്പേരെത്തുന്ന സർക്കാർ ഓഫീസിൽ ആളുകളെ അനിശ്ചിതമായി ക്യൂ നിർത്തിയ ജീവനക്കാർക്ക് സ്ഥാപന മേധാവിയുടെ ശിക്ഷ. പ്രായമായ വ്യക്തിയുടെ ആവശ്യം എത്രയും വേഗം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെയാണ് ഓഫീസ് മേധാവി പുറത്തിറങ്ങിയത്. തുടർന്ന് എല്ലാ ജീവനക്കാരോടും എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
ഡൽഹിയിലെ ന്യൂ ഓഖ്‍ല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ഓഫീസിലായിരുന്നു സംഭവം. നോയിഡ സ്വദേശികളായ നൂറുകണക്കിന് പേർ ദിവസവും എത്തുന്ന സർക്കാർ ഓഫീസാണിത്. ഓഫീസ് പ്രവർത്തനം നിരീക്ഷിക്കാൻ 65ഓളം സിസിടിവി ക്യാമറകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 2005 ബാച്ച് ഐഎഎസ് ഓഫീസറായ ഡോ. ലോകേഷ് എം ആണ് ഇപ്പോൾ അതോറിറ്റി സിഇഒയുടെ ചുമതല വഹിക്കുന്നത്.
undefined
ഓഫീസിലെ ക്യാമറ ദൃശ്യങ്ങൾ സ്ഥിരമായി പരിശോധിക്കാറുള്ള സിഇഒ ആളുകളെ, പ്രത്യേകിച്ചും പ്രായമായവരെ ഏറെ നേരം ഓഫീസിൽ കാത്തിരുത്തി ബുദ്ധിമുട്ടിക്കരുതെന്ന് എപ്പോഴും ജീവനക്കാർക്ക് നിർദേശം നൽകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ സിഇഒ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കവെ കൗണ്ടറിന് മുന്നിൽ പ്രായമായ ഒരു വ്യക്തിയെ കണ്ടു. ഇയാളുടെ ആവശ്യം വേഗം നടത്തിക്കൊടുക്കണമെന്നും സാധിക്കാത്ത കാര്യമാണെങ്കിൽ അത് വ്യക്തമായി പറഞ്ഞ് മനസിലാക്കി മടക്കി അയക്കണമെന്നും സിഇഒ ജീവനക്കാരോട് നിർദേശിച്ചു.
എന്നാൽ ഏകദേശം 20 മിനിറ്റുകൾക്ക് ശേഷം നോക്കിയപ്പോഴും അതേ വ്യക്തി അതേ കൗണ്ടറിന് മുന്നിൽ തന്നെ നിൽക്കുന്നത് കണ്ടതോടെ സിഇഒയുടെ ക്ഷമ നശിച്ചു. തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി വന്ന അദ്ദേഹം ജീവനക്കാരെ ശാസിച്ചു. തുടർന്ന് എല്ലാവരും 20 മിനിറ്റ് എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ പറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സിഇഒയ്ക്ക് വലിയ കൈയടിയും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം